വീടിനകത്തെ നിശ്ശബ്ദത അൽപം നീണ്ടുപോയാൽ ഫാത്തിമക്ക് ഭയമാണ്. കാരണം, അതൊരു പൊട്ടിത്തെറിയിലേക്കുള്ള തയ്യാറെടുപ്പാണെന്ന് അവൾക്കറിയാം.
ജഫയും റഫയും തമ്മിലുള്ള എല്ലാ വഴക്കുകളും നിശ്ശബ്ദമായിട്ടായിരുന്നു തുടങ്ങാറ്. ആദ്യം കൂർത്ത നോട്ടത്താൽ പരസ്പരം മുറിവേൽപിച്ച്, സാവധാനം വേഗം കൈവരിക്കുന്ന ശ്വാസോച്ഛ്വാസത്തിനൊടുക്കം, ഇരു തൊണ്ടക്കുഴികളിൽ നിന്നെങ്കിലും, ഒരേ തീവ്രതയിൽ, താളത്തിൽ, മുഴക്കത്തിലൊരൊറ്റക്കരച്ചിൽ പൊട്ടിവിടരും. പോരാട്ടം കായികമാവുന്നതിൻ്റെ സൂചനയാണത്. അതിന് മുമ്പേ ഫാത്തിമ ഓടിച്ചെന്നവരെ പിടിച്ചു മാറ്റുന്നതാണ്. പക്ഷെ, ചിലപ്പോഴൊക്കെ, നിലക്കാത്ത വെടിയൊച്ചയും സ്ഫോടനങ്ങളും വിമാന ഇരമ്പലുകളും അവളുടെ കേൾവിയെ മറച്ചു കളയാറുണ്ട്. നീണ്ട നിശബ്ദതയും കരച്ചിലാരവവും തിരിച്ചറിയാനാകാതെ ഉമ്മ വൈകിയെത്തുമ്പോഴേക്കും കുട്ടികളുടെ വെട്ടിയൊതുക്കാത്ത നഖങ്ങളന്യോന്യം തൊലികളുടെ ആഴമളന്നു കഴിഞ്ഞിട്ടുണ്ടാവും. രണ്ട് വയസ്സിൻ്റെ മാത്രം വലുപ്പമുള്ള അവരുടെ കുഞ്ഞുശരീരങ്ങളിലെമ്പാടും അത്തരം ചോരവരകൾ പൊറ്റകെട്ടി കിടക്കുന്നുണ്ട്.
കുട്ടികളുടെ വഴക്കുകൾ ഭൂരിഭാഗവും കളിപ്പാട്ടത്തിന് വേണ്ടിയായിരുന്നു - ആ ചുവന്ന കരടിപ്പാവക്ക് വേണ്ടി.
ജനിച്ചപ്പോൾ തൊട്ട് അതവർക്കൊപ്പമുണ്ട്; അവരുടെ ഒരേയൊരു കളിപ്പാട്ടം. ഒരുപക്ഷെ ആശുപത്രിയിലെ ഡോക്ടർമാരോ നഴ്സുമാരോ കൊടുത്തതാവണം.
പിടിവലി കൂടി ആ തുണിപ്പാവ പിന്നിപ്പോകുമെന്ന് തോന്നുമ്പോൾ അത് രണ്ടാക്കി രണ്ടു പേർക്കും കൊടുത്താലോ എന്ന് ഫാത്തിമ പലവട്ടം ചിന്തിച്ചതാണ്. പക്ഷെ, അങ്ങനെയൊന്ന് സൂചിപ്പിച്ചാൽ മതി, ഉടനെയവർ പിടിവലി നിർത്തി പാവയുമായി ഒരുമിച്ച് കളിക്കാൻ പോകും. ആ പാവയെ കീറിമുറിച്ച് രണ്ടാക്കിയാൽ അതവരുടെ പ്രിയപ്പെട്ട പാവയല്ലാതായിപ്പോകുമെന്ന് കുട്ടികൾക്കറിയാമായിരിക്കണം.
നീണ്ട ഇടവേളക്ക് ശേഷം യുദ്ധം അതിൻ്റെ വിശ്വരൂപത്തിൽ തിരിച്ചെത്തിയത് കുട്ടികളുടെ ജനന ദിവസമാണ്.
പിറക്കുന്ന കുഞ്ഞിന്, ആണായാലും പെണ്ണായാലും, തങ്ങൾക്ക് നഷ്ടപ്പെട്ട നഗരമായ ജഫയുടെ പേര് നൽകണമെന്ന് ഫാത്തിമയും ഹമീദും നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. അപ്രതീക്ഷിതമായി, രണ്ടാമതൊരാൾ കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ, അവളുടെ പേര് ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത റഫയുടേതാക്കാൻ അവർക്കു കൂടുതലാലോചിക്കേണ്ടി വന്നിരുന്നില്ല.
രാത്രിയുടനീളം നീണ്ട മിസൈൽ വർഷത്തിൽ ജഫയുടേയും റഫയുടേയും ആദ്യ കരച്ചിലുകൾ മുങ്ങിപ്പോയിരുന്നു. പരിക്കേറ്റു വരുന്നവരെ കൊണ്ട് ആശുപത്രിയിലെ പ്രസവ വാർഡടക്കം നിറഞ്ഞുകവിഞ്ഞു. അവിടെയൊരു മൂലയിൽ കുഞ്ഞുങ്ങളെ നെഞ്ചോടടുക്കി ഫാത്തിമയും ഹമീദുമിരുന്നു. ആശുപത്രി ആക്രമിക്കപ്പെടില്ലെന്ന വിശ്വാസം മാത്രമായിരുന്നു അവർക്കു തുണ.
താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ ആശുപത്രിയിലുണ്ടായവരെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി. അവരുടെ വീട് നിന്നിരുന്ന സ്ഥലം അപ്പോഴേക്ക് ശത്രുരാജ്യത്തിൻ്റെ അധീനതയിലായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങൾ കുത്തിനിറച്ച തുകൽ ബാഗും കുഞ്ഞുങ്ങൾക്കായി ജീവകാരുണ്യ സംഘടന നൽകിയ പാൽപ്പൊടി പാക്കറ്റുകളും ഡയപ്പറുകളും ഒരു ബക്കറ്റും മാത്രമായിരുന്നു അവരുടെ സമ്പാദ്യം. ഫാത്തിമ ഒരേ ബക്കറ്റിൽ കുടിവെള്ളം ശേഖരിക്കുകയും, അലക്കുകയും, കുട്ടികളെ നിർത്തി കുളിപ്പിക്കുകയും ചെയ്തു പോന്നു.
ഭക്ഷണപ്പാക്കറ്റുകൾ വിതരണം ചെയ്യുന്നെന്നറിഞ്ഞ് സമീപത്തെ ടെൻ്റുകളിലുള്ളവർക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ടതാണ് ഹമീദ്. വെളിച്ചത്താലാകർഷിച്ച് ഈയാംപാറ്റകളെ ചുട്ടെരിക്കും പോലെ, ഭക്ഷണത്തിനായി വരി നിന്നവരിലേക്ക് ശത്രുരാജ്യത്തിൻ്റെ തോക്കുകൾ തുരുതുരാ നിറയൊഴിച്ചു. ഹമീദ് ജോലി നോക്കി പോയതാണെന്നും ഉടനെ തിരിച്ചെത്തുമെന്നും ഫാത്തിമ സ്വയം വിശ്വസിച്ചാശ്വസിച്ചു. ഇനിയും ബുദ്ധിയുറച്ചിട്ടില്ലാത്ത കുഞ്ഞുങ്ങളേയും അവളത് തന്നെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.
അഭയാർത്ഥി ജീവിതം മാറ്റമേതുമില്ലാതെ കടന്നുപോയി. കടൽ മാത്രമായിരുന്നു അക്കാലത്ത് അവർക്കാശ്വാസം. നിയന്ത്രണങ്ങളയയുമ്പോൾ അവൾ കുഞ്ഞുങ്ങളെയും കൊണ്ട് തീരത്ത് പോകും. പോഷകക്കുറവ് കാരണം ഇനിയും ഉറച്ചിട്ടില്ലാത്ത കാൽവെയ്പുകളോടെ ജഫയും റഫയും തീരത്ത് തത്തി നടക്കുന്നത് കാണുമ്പോൾ ഫാത്തിമക്ക് ഒരേ സമയം ദുഃഖവും സമാധാനവുമനുഭവപ്പെടും.
സമാധാനത്തിൻ്റെ ഹ്രസ്വമായ ഇടവേളക്ക് ശേഷം രണ്ടാം വാർഷികത്തിൽ യുദ്ധം പൂർവ്വാധികം ശക്തിയോടെ ആഞ്ഞടിച്ചു.
റഫ ഉമ്മക്കൊപ്പം വെള്ളമെടുക്കാൻ പോയതായിരുന്നു. കടൽതീരത്തിനരികെ ജഫ ചുവന്ന കരടിപ്പാവയെയും കൊണ്ട് കളിക്കുന്നിടത്താണ് മിസൈൽ പതിച്ചത്. ഫാത്തിമ റഫയോട് വീണ്ടുമൊരു നുണ പറഞ്ഞു - ജഫയെ ഉപ്പ കൂടിക്കൊണ്ട് പോയിരിക്കുന്നു. അവരിരുവരും വേഗം തിരിച്ചു വരും.
ഉപ്പ തന്നെ കൂട്ടാതെ ജഫയെ മാത്രം കൊണ്ട് പോയതിലായിരുന്നില്ല, തൻ്റെ പ്രിയപ്പെട്ട കരടിപ്പാവ നഷ്ടപ്പെട്ടതിലായിരുന്നു റഫക്കേറെ സങ്കടം. അവളതോർത്ത് നിർത്താതെ കരഞ്ഞു കൊണ്ടേയിരുന്നു.
അന്താരാഷ്ട്ര ഇടപെടലുകളെത്തുടർന്ന് ദിവസങ്ങൾക്കും യുദ്ധം അവസാനിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.
മറ്റൊരു പലായനത്തിന് പുറപ്പെടും മുമ്പേ ഫാത്തിമ റഫയേയും കൊണ്ട് കടൽത്തീരത്തേക്ക് പോയി.
കടൽത്തീരത്ത് തത്തി നടക്കുമ്പോൾ പെട്ടെന്ന് അവളത് കണ്ടു— കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരത്തിനിടയിൽ ഒരു ചുവപ്പ് പൊട്ടു പോലെ അവളുടെ പ്രിയപ്പെട്ട ചുവന്ന കരടിപ്പാവ.
അവളോടിയടുക്കലെത്തി. പാവയെ മുറുകെ പിടിച്ചിരിക്കുന്ന ജഫയുടെ കൈ അപ്പോഴാണവൾ ശ്രദ്ധിച്ചത്. എത്ര വലിച്ചു നോക്കിയിട്ടും റഫക്കാ പാവയെ കിട്ടുന്നില്ല. കിണഞ്ഞു ശ്രമിച്ചിട്ടും ജഫയുടെ വിരലുകൾ വേർപെടുത്താനാവുന്നില്ല. നഖങ്ങളാഴ്ത്തി മാന്തിയിട്ടും ജഫ കരയുന്നില്ല; പിടി അയയുന്നുമില്ല.
“ഉമ്മാ!” റഫ നിലവിളിച്ചു കൊണ്ട് ഫാത്തിമക്കരികിലേക്കാേടിച്ചെന്നു. “ജഫ…ജഫ അവിടെ ഒളിച്ചിരിക്കുന്നു! അവളെനിക്ക് പാവ തരുന്നില്ല!”.
റഫക്കൊപ്പം ഓടിച്ചെന്ന ഫാത്തിമ, ആ കാഴ്ച്ചയുടെ ആഘാതത്തിൽ റഫയെ ചേർത്ത് പിടിച്ചു. അവളോട് പറയാൻ പുതിയൊരു നുണ പരതി.
ജഫയുടെ പച്ചപ്പറ്റ കുഞ്ഞുവിരലുകൾക്കുള്ളിലെ ആ ചുവന്ന കരടിപ്പാവ വെൺമണലിൽ ഒരു പതാകയായി വിടർന്നു. കറുത്ത കടൽ അവർക്കു പിന്നിൽ ഗർജ്ജിച്ചു.
No comments:
Post a Comment