Friday 28 March 2014

നൊസ്റ്റാൾജിയ

എന്‍റെ  മുത്തശ്ശന്  ഒരു പഴയ മരപ്പെട്ടിയുണ്ടായിരുന്നു. വീട്ടിയിൽ  തീർത്ത, പിച്ചള പിടികളുള്ള ഒരു എഴുത്തുപ്പെട്ടി (പെട്ടിയുടെ  പുറ൦ എഴുതാൻ  ഉപയോഗിക്കുന്നതിനാലാവണ൦ അങ്ങനെയൊരു പേര്). കുട്ടിക്കാലത്ത് എന്നെ ഒരുപാടു കൊതിപ്പിച്ചിരുന്നു ആ പെട്ടി.

ഓരോ തവണ അമ്മേടവിടെ പോവുമ്പോഴും എനിക്ക് ആ പെട്ടി തുറന്നു കാണണം.അതിലുള്ളത് പലതും ഞാൻ  ആവശ്യപ്പെടും എന്ന പേടി കൊണ്ടാവണം മുത്തശ്ശൻ  ആ ആവശ്യം പരമാവധി കണ്ടില്ലെന്നു നടിക്കും.ഒടുക്കം, ഒന്നുകില്‍ എന്‍റെ  വാശി സഹിക്ക വയ്യാതാവുമ്പോ അല്ലെങ്കിൽ  മുത്തശ്ശിയുടെ നിർബന്ധത്തിനു വഴങ്ങി, മുത്തശ്ശൻ അതെനിക്ക് തുറന്നു  തരും.

വിവിധ തര൦ നാണയങ്ങൾ,പൊട്ടിയതും പൊട്ടാത്തതുമായ വ൪ണചില്ലുകൾ, മുത്തശ്ശൻ  എഴുതി പഠിച്ച എഴുത്താണി,ഓലക്കീറുകൾ, മുഴുവൻ വിരിഞ്ഞ മയില്പീലിതുണ്ടുകൾ,അറകളിൽ  നിറയെ മഞ്ചാടിയും കുന്നിക്കുരുക്കളും, കത്തുകളിൽ  നിന്ന് കീറിയെടുത്ത സ്റ്റാമ്പുകൾ.....അങ്ങനെ അറിയുന്നതും അറിയാത്തതുമായ ഒരുപാടു വസ്തുക്കൾ. മുന്നിൽ  ഒരു നിധികുംഭം തുറന്നു വെച്ച പോലെ. പലവട്ടം കണ്ടതെങ്കിലും ഓരോ തവണയും എന്‍റെ  കണ്ണുകൾ അത്ഭുതത്താൽ  വികസിക്കും. പക്ഷെ  കണ്ടു കൊതി തീരും മുമ്പേ  മുത്തശ്ശൻ പെട്ടി ഭദ്രമായി പൂട്ടി വെക്കും.

ഒരുപാട് ബാല്യകാലസ്വപ്നങ്ങളിൽ  ആ നിധിപെട്ടി എന്‍റെ  സ്വന്തമായിരുന്നു. അത് കിട്ടുവാൻ  വേണ്ടി മുത്തശ്ശന്‍റെ  മരണം പോലും  ഞാനാഗ്രഹിച്ചു കാണണം. പക്ഷെ ബാല്യത്തിൽ  നിന്നും കൌമാരത്തിലേക്കുള്ള യാത്രയിലെവിടെയോ ആ എഴുത്തുപെട്ടി എനിക്ക് നഷ്ടപ്പെട്ടു.

മുത്തശ്ശന്‍റെ  മരണ ശേഷം എന്നോ ആ എഴുത്തുപ്പെട്ടി എന്‍റെ  വീട്ടിലേക്കു കൊണ്ടു വന്നിരുന്നു. ഇന്ന് തീർത്തും അവിചാരിതമായി ആ പെട്ടി തുറന്നു നോക്കിയപ്പോൾ ഞാൻ കണ്ടത് എന്നോ കളഞ്ഞു പോയ എന്‍റെ  ബാല്യമാണ്. ശ്വസിച്ചത് ആ കാലത്തിൻറെ ഗന്ധമാണ്. കേട്ടത് മറന്ന്  ഒരുപാടീണങ്ങളാണ്. മനസ്സ് നിറഞ്ഞു പെയ്തത് ഓർമ്മകളുടെ കുളിർമാരിയാണ്...ഞാൻ  വല്ലാതെ നൊസ്റ്റാൾജിക്കായി.    

പിറ്റേന്ന്, ഓ.എൽ.എക്‌സിൽ ഞാൻ പോസ്റ്റ് ചെയ്ത ആൻറീക് എഴുത്തുപെട്ടിക്കു ആവശ്യക്കാർ ഏറെയായിരുന്നു.

1 comment:

  1. സ്വന്തം നൊസ്റ്റാൾജിയ വില്ക്കേണ്ടതില്ലായിരുന്നു

    ReplyDelete