Tuesday 19 December 2017

ദയ

കാഷ്യറുടെ കൈയ്യിൽ നിന്നും അന്നത്തെ കൂലിയായ അമ്പത് രൂപ വാങ്ങി, തനിക്കും ഭാര്യക്കും അന്തിക്കലേക്കുള്ള ഭക്ഷണപ്പൊതിയുമായി പുറത്തേക്കിറങ്ങുകയായിരുന്നു ആ വൃദ്ധൻ. പൊടി പാറിച്ചു കൊണ്ട് അയാൾക്കരികിൽ വന്ന് നിർത്തിയ, ഏതാണ്ട് അയാളോളം തന്നെ പൊക്കമുള്ള, കാറിന്റെ  ജനാലച്ചില്ല് താഴ്ത്തിക്കൊണ്ട് ചെറുപ്പക്കാരനായ മുതലാളി അയാളെ മാടി വിളിച്ചു

"ന്താ ഗോപാലേട്ടാ... സുഖല്ലേ?"

മെലിഞ്ഞുണങ്ങി വിറക് കൊള്ളികൾ പോലെ തോന്നിക്കുന്ന  നീണ്ട വിരലുകൾ ചേർത്ത് പിടിച്ച് കൊണ്ട് വൃദ്ധൻ പതിയെ തലയാട്ടി.

''ങ്ങള്... നാളെത്തൊട്ട് വരണ്ടാട്ടോ''

കേട്ടത് വിശ്വസിക്കാനാവാതെ വൃദ്ധന്റെ പാതിയടഞ്ഞ മിഴികൾ വികസിച്ചു. വെയിലേറ്റ് വാടിയ ശരീരം, കാറ്റേൽക്കുന്ന ഉണങ്ങിയ ഇല പോലെ, നിന്ന് വിറച്ചു.

"ങ്ങളെ പോലൊരു വയസ്സനെ കൊണ്ട് ഇമ്മാരി പണി എടുപ്പിക്കുന്നേന് എല്ലാരും പണ്ടേന്നെ കുറ്റം പറയ്ന്നതാ....ഇപ്പതാ ഏതോര്ത്തൻ ഇങ്ങളെ ഫോട്ടോട്ത്ത് ഫേസ്ബുക്കിലിട്ടത് കണ്ട് ആളോള്ന്നെ തെറി വിളിയാ... ഞാന്ത്നാ ഈനൊക്കെ നിക്ക്ന്നേ..."

വരണ്ട ചുണ്ടുകൾ അനങ്ങിത്തുടങ്ങുമ്പോഴേക്കും കറുത്ത ചില്ല് വൃദ്ധന് മുന്നിൽ ഉയർന്ന് കഴിഞ്ഞിരുന്നു. അതിൽ പ്രതിഫലിക്കുന്ന തന്റെ മുഖത്തേക്ക് നോക്കാനാവാതെ അയാൾ തല കുനിച്ചു. അയാളുടെ കാലിനരികിലായി വീണ രണ്ട് തുള്ളി കണ്ണുനീർ മണലിൽ അലിഞ്ഞു ചേരാൻ കാത്ത് നിൽക്കാതെ ആ വലിയ കാർ ചീറിപ്പാഞ്ഞു പോയി.

വൃദ്ധൻ നോക്കി നിൽക്കെ റോഡരികിൽ വന്നു നിന്ന പെട്ടി ഓട്ടോറിക്ഷയിൽ നിന്നും രണ്ട് പേർ ചേർന്ന് ഒരു പ്ലാസ്റ്റിക് പ്രതിമ ഇറക്കി നിലത്ത് കുത്തനെ നിർത്തി. പാൻറും ഷർട്ടുമിട്ട ഒരാൾ പൊക്കമുള്ള വെളുത്ത മനുഷ്യ രൂപം. തൊപ്പിക്കു താഴെ വിടർന്ന കണ്ണുകളും, നീണ്ട മൂക്കും, ചുവന്ന ചുണ്ടുകളുമുള്ള, ഭംഗിയായി ചിരിക്കുന്ന ആ  മുഖം അയാൾക്കിഷ്ടപ്പെട്ടു.

ദിവസവും കാലത്ത് തൊട്ട് വൈകിട്ട് വരെ താൻ പിടിച്ചു നിൽക്കാറുള്ള, ചുവന്ന അക്ഷരങ്ങളിൽ ''HOTEL" എന്നെഴുതിയ, വെളുത്ത ബോർഡ് പ്രതിമയുടെ കൈയ്യിൽ ആരോ തിരുകി കൊടുത്തത് കണ്ടപ്പോൾ വൃദ്ധന്റെ വരണ്ട ചുണ്ടുകളിൽ  ചിരി പടർന്നു.

മുതലാളിയുടെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അയാളുടെ ദയാവായ്‌പിനേയും  സൽപ്രവർത്തിയേയും പ്രകീർത്തിക്കുന്ന കമന്റുകൾ വന്ന് നിറഞ്ഞു കൊണ്ടിരുന്നു.

No comments:

Post a Comment