(1)
ആ വരകളിലൂടെ വിരലോടിച്ചപ്പോൾ പെരുവിരൽ തൊട്ട് ഒരു തരിപ്പ് അയാളിലൂടെ അരിച്ചു കയറി.
"സീജേ..."
ഒച്ചയുടെ ഉച്ചിയിൽ കയറി നിന്ന് വിളിച്ചിട്ടും, അയാളുടെ മൂന്നാമത്തെ വിളിയാണ് അവളെ ചെന്ന് തൊട്ടത്; അതു തന്നെ, ഇടത് ചെവിയിലെ ഇളകിപ്പോയ ബഡ് നേരെയിടാനായി ഊരിയത് കൊണ്ടാണ് കേട്ടത്.
ഇയർബഡ്സ് ചെവിയിൽ തിരുകിയുള്ള അടുക്കളപ്പണി അവൾ ലോക്ഡൗൺ കാലത്ത് ശീലിച്ചു തുടങ്ങിയതാണ്. അടുക്കളെയെന്നാൽ ഇപ്പോഴവൾക്ക് പാത്രങ്ങളുടെ കലപിലയും കറിയ്ക്കരിയുന്നതിന്റെ കടകടയും ചിരവയുടെ മുരളിച്ചയും വെള്ളം തിളയ്ക്കുന്നതിന്റെ ഗുളുഗുളുവും കുക്കറിന്റെ കൂക്കലും മാത്രമല്ല. ദാസേട്ടൻ തൊട്ടിങ്ങ് സിതാരയുടെ വരെ സ്വരമാധുരിയോ, പ്രവിജയുടെയോ ബന്ന മാഷിന്റേയോ കഥാവായനയോ അതുമല്ലെങ്കിൽ എഫ്.എമ്മിലെ ചില മോട്ടിവേഷനൽ പ്രഭാത നുറുങ്ങുകളോ അന്നേരമവളുടെ ചെവികളും മനസ്സും നിറയ്ക്കും. ഭർത്താവിന് ബെഡ് കോഫി കൊടുക്കുന്നത് തൊട്ട് മൂന്നരവയസുകാരൻ മോനുണരുന്നത് വരെയുള്ള ഒന്നര മണിക്കൂറിനെ അവൾ തന്റെ "മീ ടൈം" ആയി കരുതിപ്പോന്നു. ആ ഏകാന്തസുന്ദരതയിലേക്കാണ് ഭർത്താവിന്റെ അലർച്ച ഇപ്പോൾ കൊമ്പും കുലുക്കിയെത്തിയിരിക്കുന്നത്.
കുക്കർ വെച്ച സ്റ്റൗവിന്റെ നോബ് സിമ്മാക്കിയിട്ട് അവൾ ഓടിച്ചെല്ലുമ്പോൾ അയാളാകെ മുന്നോട്ട് വളഞ്ഞ് ഇരു കൈകളും കാറിന്റെ ബോണറ്റിലൂന്നി തല തൂക്കിയിട്ട് നിൽക്കുകയായിരുന്നു.
ആ നിൽപ് കണ്ട് അവളാകെ പരിഭ്രമിച്ചു.
പക്ഷെ, "എന്തേ പറ്റ്യേത് വിനോദേട്ടാ ...?" എന്ന അവളുടെ വെപ്രാള ചോദ്യത്തിന് തീപാറുന്ന ഒരു നോട്ടമായിരുന്നു മറുപടി.
എപ്പോഴുമെന്ന പോലെ അവളുടെ തല താഴ്ന്നു.
ഉപ്പന്റേത് മാതിരിയെന്ന് അവൾക്ക് തോന്നാറുള്ള അയാളുടെ കണ്ണുകൾ ദേഷ്യം വന്നാൽ വീണ്ടും ചുവക്കും. ഉപ്പനെ അവൾക്ക് കുട്ടിക്കാലം തൊട്ടേ പേടിയാണ്. അത് കൊണ്ടാണ്, അയാളൊന്ന് ദേഷ്യപ്പെട്ട് നോക്കിയാൽ പോലും അവൾ തല താഴ്ത്തിക്കളയുന്നത്.
"ഒരോന്ന് വരുത്തി വെച്ചിട്ട് മൂങ്ങേനെപ്പോലങ്ങ് നിന്നാ മത്യല്ലോ"
ആരെ കേൾപ്പിക്കാനാണ് അയാളിങ്ങനെ ഉറക്കെ സംസാരിക്കുന്നതെന്നാണ് അവളപ്പോൾ ചിന്തിച്ചത്.
ഇനിയെന്താണ് സംഭവിക്കുകയെന്ന് അവൾക്കറിയാം- കൈയ്യിലെ കാപ്പി ഗ്ലാസ് അയാൾ നിലത്തെറിയും, വായിൽത്തോന്നിയതൊക്കെയും വിളിച്ചു പറയും, ചിലപ്പോൾ, അവളെ പിടിച്ച് തള്ളും.
തലയുയർത്താൻ മിനക്കെടാതെ, കുക്കറിന്റെ മൂന്നാമത്തെ വിസിലിനായി കാതോർത്തു കൊണ്ട് അവൾ ചിന്തിച്ചു:
- അയാളുടെ കാപ്പിയിൽ മധുരമിടാൻ മറന്നോ?
- ഇന്നലെ വെള്ളമൊഴിക്കാഞ്ഞത് കൊണ്ട് അയാളുടെ പൂച്ചെടികൾ വല്ലതും വാടിപ്പോയോ?
- അതോ, തന്റെ അടിവസ്ത്രങ്ങൾ വല്ലതും മുറ്റത്തെ അയയിലുണ്ടാേ?
തീരെ ചെറിയ കാര്യങ്ങൾ മതി അയാളുടെ കണ്ണുകൾ ചുവക്കാൻ. പണ്ട് തൊട്ടേയങ്ങനെയാണ്. പിന്നെ ഭ്രാന്ത് പിടിച്ച പോലെയാണ്. ദേഷ്യമടങ്ങിയാൽ പിന്നെ വന്ന് കെട്ടിപ്പിടുത്തവും സോറി പറച്ചിലുമൊക്കെയാവും. അയാളുടെ ഈ സ്വഭാവം കാരണം, പണ്ടൊക്കെ അവളാദ്യം സങ്കടപ്പെടുകയും പിന്നീട് സന്താേഷിക്കുകയും ചെയ്തിരുന്നു. പിന്നെയതൊരു ശീലമായതോടെ രണ്ടും കാര്യമായിട്ടെടുക്കാതെയായി.
"കണ്ണ് തുറന്ന് നോക്കെടീ... നെന്റെ മറ്റാേടത്തെ പൂച്ചേന്റെ പണി"
അയാളവളുടെ മുഖം ബലമായി പിടിച്ചുയർത്തി. അയാളുടെ വലിയ കൈപ്പത്തിക്കകത്ത് അവളുടെ കവിളുകൾ ഞെരിഞ്ഞമർന്നു.
ബോണറ്റിന്റെ ആകാശ നീലിമയിൽ അങ്ങിങ്ങായി തെളിഞ്ഞു കിടന്ന നീളൻ വെള്ളി വരകളിലേക്ക് നോട്ടമെത്തിയപ്പോൾ അവൾ "അയ്യോ..." എന്ന് നിലവിളിച്ചു പോയി.
പുതുപുത്തൻ കാറാണ്; കിട്ടിയിട്ട് ആഴ്ച്ചയൊന്ന് തികഞ്ഞിട്ടില്ല. പൂജിക്കാൻ അമ്പലത്തിൽ പോയതല്ലാതെ അതിൽ കയറി ഇതേ വരെ ശരിക്കൊന്ന് യാത്ര ചെയ്തിട്ടു കൂടിയില്ല.
"എവ്ട്ന്നോ വന്ന് കേറിയതിനെ പാലും പലഹാരവും കൊടുത്ത് പോറ്റീട്ട് ഓൾടെയൊരു കയ്യാേ.. മാറി നിക്കെടീ"
ഒരു മുട്ടൻ തെറിയോടെ അവളെ പിടിച്ചു തള്ളിക്കാെണ്ട് അയാൾ വീടിനകത്തേക്ക് കയറിപ്പോയി.
പാലും ബിസ്കറ്റുമൊക്കെ കൊടുത്തിട്ടുണ്ടെന്നത് നേരാണ്; പക്ഷെ, അയാൾ പറഞ്ഞത് പോലെ അത് അവളുടെ പൂച്ചയൊന്നുമല്ല.
ആദ്യഘട്ട ലോക്ഡൗൺ കാലത്താണ് മെല്ലിച്ചവശനായ ആ പൂച്ചക്കുഞ്ഞ് വീട്ടിലേക്ക് കയറി വന്നത്. അതിനൽപം പാല് കൊടുക്കാൻ അയാൾ പറഞ്ഞത് കേട്ട് അവളന്ന് അതിശയിച്ചിരുന്നു. കാരണം, വീട്ടിലെ ഭക്ഷണ വേസ്റ്റ് പോലും പറമ്പിൽ വരുന്ന കാക്കയ്ക്കും പട്ടിക്കും പൂച്ചയ്ക്കുമൊന്നും കൊടുക്കാതെ പ്ലാസ്റ്റിക് ബാഗിൽ കെട്ടി മുൻസിപ്പാലിറ്റിക്കാർക്ക് നൽകണമെന്ന് നിർബന്ധമുള്ളയാളാണ്. പക്ഷെ, ചുറ്റുമുള്ളതിനോടൊക്കെയും വല്ലാത്ത സ്നേഹം തോന്നിയിരുന്ന ഒരു "കെട്ട" കാലമായിരുന്നല്ലോ അത്.
മാേനാണ് ഏറ്റവും സന്താേഷിച്ചത്. കളിക്കാൻ കൂട്ടിനാരുമില്ലാതെ മടുത്തിരുന്ന അവൻ ആ പൂച്ചക്കുഞ്ഞുമായി പെട്ടെന്ന് കൂട്ടായി. രാവിലെ തൊട്ട് അതിന്റെ കൂടെ മുറ്റത്ത് ഓടിച്ചാടിക്കളിക്കും, പന്ത് തട്ടിക്കൊടുക്കും, എത്ര വിലക്കിയാലും വീടിനകത്ത് കയറ്റും, തരം കിട്ടിയാൽ കെട്ടിപ്പിടിക്കും, ഉമ്മവെക്കും.
പക്ഷെ, അടച്ചിടൽ തീർന്ന് ഓഫീസിൽ പോയി തുടങ്ങിയതോടെ അയാളുടെ സ്വഭാവം പഴയതു പോലായി. പൂച്ചയെ എവിടെ കണ്ടാലും എറിഞ്ഞോടിക്കാൻ തുടങ്ങി. എന്നിട്ടുമത് പോയില്ല. പച്ച വെള്ളം കൊടുത്ത് പോകരുതെന്നായിരുന്നു അയാളുടെ ഉത്തരവ്. പക്ഷെ, ഭക്ഷണത്തിന്റെയൊരു പങ്ക് മോൻ അതിന് കൊടുക്കുന്നുണ്ടെന്ന് അവൾക്കറിയാമായിരുന്നു.
ഒരു ദിവസം ഉമ്മറപ്പടിയിൽ പൂച്ചക്കാഷ്ഠം കണ്ടതിന് ഇഷ്ടിക കൊണ്ടെറിഞ്ഞ് അയാളതിന്റെ കാലൊടിച്ചതാണ്. മോന്റെ കരച്ചിൽ കണ്ട് സഹിക്കാൻ വയ്യാതെ അവളാണ് വെള്ളം കൂട്ടിയുഴിഞ്ഞുഴിഞ്ഞ് നേരെയാക്കിയത്. എന്നാലും ഇപ്പോഴുമതിനൊരു ഞൊണ്ടലുണ്ട്. ഏതായാലും, അതിൽപ്പിന്നെ അയാളുടെ കൺവെട്ടത്ത് പൂച്ചക്കുഞ്ഞ് ചെല്ലാതിരിക്കാൻ അവളും മോനും ശ്രദ്ധിച്ചു.
എന്നാലും ഇത് വലിയ കഷ്ടമായിപ്പോയി. ആ വരകളിൽ തൊട്ടപ്പോൾ പൂച്ചക്കുഞ്ഞിനോട് അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി.
അപ്പോൾ കുക്കർ അഞ്ചാമതും കൂക്കി; പുറകെ, മോന്റെ "അമ്മേ..." എന്ന നീട്ടിവിളിയും. ആ ശബ്ദങ്ങൾക്ക് പുറകെ അവൾ വീടിനകത്തേക്ക് ഓടിക്കയറിപ്പാേയി.
(2)
വാഹന വിദഗ്ദനായ സുഹൃത്തിന് പൂച്ചമാന്തലിന്റെ ഫോട്ടോ വാട്ട്സാപ്പ് ചെയ്തു കാെടുത്തതിന് മറുപടിയായി "വെറുതെ ടച്ച് ചെയ്താൽ പോരാ ബോണറ്റ് മുഴുവൻ റീപെയിന്റ് ചെയ്യുന്നതാണ് നല്ലത്" എന്ന ഉപദേശം കിട്ടി.
അത്ര കോമൺ നിറമല്ലാത്തത് കൊണ്ട് പത്ത്-പതിനയ്യായിരമെങ്കിലും ചിലവു വരുമെന്നും പ്രവചിച്ചു. താൻ പറഞ്ഞത് പോലെ സിൽവർ കളർ എടുത്തിരുന്നെങ്കിൽ ഈ വരകൾ ഇത്രയ്ക്ക് എടുത്ത് കാണില്ലായിരുന്നു എന്നൊരു കുറ്റപ്പെടുത്തലും പുറകെ വന്നു.
കാർ ഷോറൂമിലെ റിലേഷൻഷിപ്പ് എക്സിക്യൂട്ടിവിനെ അയാൾ നാലഞ്ച് തവണയായി വിളിക്കുന്നു; മറുപടിയില്ല. വണ്ടി വാങ്ങുന്നത് വരെ ദിവസവും മൂന്ന്-നാല് വട്ടം വിളിച്ചു കൊണ്ടിരുന്നവനാണ്. വീണ്ടും വിളിക്കാനൊരുങ്ങുമ്പോഴാണ് വാട്ട്സാപ്പ് മെസേജിന് മറുപടി വന്നത്. ക്ലയന്റിനൊപ്പമാണെന്നും ഇക്കാര്യത്തിന് സർവീസ് വിഭാഗത്തെ ബന്ധപ്പെട്ടാൽ മതിയെന്നുമായിരുന്നു സന്ദേശം; കൂടെ സർവീസ് മാനേജരുടെ കോൺടാക്ട് നമ്പറുമുണ്ട്.
സുഹൃത്ത് പറഞ്ഞത് തന്നെ സർവീസ് മാനേജരും ആവർത്തിച്ചു. പെർഫക്ഷൻ വേണമെങ്കിൽ ബോണറ്റ് മുഴുവനായി റീപെയിന്റ് ചെയ്യണമത്രേ.
പഴയ കാറിന് കാര്യമായ കുഴപ്പങ്ങളൊന്നുമില്ലാതിരുന്നെങ്കിലും തിരക്കിട്ട് വിറ്റതിനാൽ വിചാരിച്ച വില കിട്ടിയിരുന്നില്ല. ലോണും പ്രതീക്ഷിച്ചതിലും കുറവാണ് ലഭിച്ചത്. സമ്പാദ്യം തികയാതെ വന്നപ്പോൾ സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയതും കൂടി ചേർത്താണ് ബാക്കി തുക ഒപ്പിച്ചത്. അതിന്റെയൊക്കെ ക്ഷീണം മാറുന്നതിന് മുമ്പാണ് ഇങ്ങനെയൊരു അനാവശ്യച്ചിലവ്. അയാളുടെ കണ്ണുകൾ വീണ്ടും ചുവന്നു.
(3)
അയാൾ പുറത്തേക്കിറങ്ങുമ്പോൾ, മുറ്റത്തിന്റെ ഒരു വശത്ത് മോൻ മുച്ചക്ര സൈക്കിളോടിക്കുന്നുണ്ട്. ഭാര്യ അത് നോക്കി ചവിട്ടുപടിയിലിരിക്കുന്നു. മോൻ "അച്ഛാ..." എന്ന് നീട്ടി വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ അയാൾ ധൃതിയിൽ കാറിൽ ചെന്ന് കയറി.
റിവേഴ്സ് ഗിയറിട്ട് വണ്ടി നീക്കി തുടങ്ങുന്നതിന് മുമ്പ് സൈഡ് മിററിൽ അയാൾ കണ്ടു- കാറിന് തൊട്ട് പുറകിൽ മുറ്റത്ത് കിടന്നുരുണ്ടു കളിയ്ക്കുന്ന ആ പൂച്ചക്കുഞ്ഞ്. അയാൾക്ക് ദേഷ്യം ഇരച്ചു കയറി. പിൻചക്രത്തിന്റെ നേർരേഖയിൽ പൂച്ചയുടെ സ്ഥാനം നിജപ്പെടുത്തി. ഒറ്റ നിമിഷം; ബ്രേക്കിൽ നിന്നെടുത്ത കാൽ ഊക്കോടെ ആക്സിലേറ്ററിലമർന്നു. പുറകോട്ട് കുതിച്ച കാർ എന്തിലോ കയറിയിറങ്ങി. ഭാര്യയുടെ "മോനേ ..." എന്ന അലർച്ച ചെവി തുരന്നു.
(4)
അയാൾ ഞെട്ടിയുണർന്നു.
"ഉറങ്ങിപ്പോയോ ...?" - വക്കീലാണ്.
"കേസ് അടുത്ത മാസത്തേക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്; ഫൈനൽ ഹിയറിങ്ങിന്. ഞാൻ വിളിച്ചറിയിക്കാം."
അത്രയും പറഞ്ഞ് വക്കീൽ തിരക്കിട്ട് പോയി.
കോടതി വരാന്തയിലെ ബെഞ്ചിൽ നിന്നും അയാൾ പതിയെ എഴുന്നേറ്റു.
വീടിന്റെ ഗേറ്റ് കടന്ന് അയാൾ നേരെ ചെന്നത് പോർച്ചിലേക്കാണ്. മൂടിയിട്ട കാറിനരികിലൂടെ അയാൾ മുന്നോട്ട് നടന്നു.
ഒരു വശത്തായി ചുവരിനോട് ചാരി വെച്ചിരിക്കുന്ന മുച്ചക്ര സൈക്കിളിന്റെ സീറ്റിൽ പറ്റിക്കിടന്നുറങ്ങുന്ന പൂച്ചക്കുഞ്ഞ്.
അയാൾ തൊട്ടരികിലെത്തിയിട്ടും അതനങ്ങിയില്ല. പതുക്കെ കൈ നീട്ടി അയാളതിനെയൊന്ന് തൊട്ടു.
No comments:
Post a Comment