"പടുരാക്ഷസ ചക്രവർത്തിയെന്നുടൽ മാേഹിച്ചത് ഞാൻ പിഴച്ചതോ?"- 'ചിന്താവിഷ്ടയായ സീത', കുമാരനാശാൻ
1
മലയാളത്തിലെയൊരു മുൻനിര മാധ്യമ സ്ഥാപനത്തിൻ്റെ ഓൺലൈൻ വിഭാഗം കൈകാര്യം ചെയ്യുന്ന എനിക്കിന്ന് വളരെ തിരക്കുപിടിച്ചാെരു ദിവസമാണ്. 'വർഷങ്ങളായി കാത്തിരിക്കുന്ന ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ രാജ്യമാെരുങ്ങി' എന്നാണ് ഞങ്ങളുടെ പത്രത്തിൻ്റെ ഇന്നത്തെ മുഖപ്രസംഗം ആരംഭിക്കുന്നത് തന്നെ. ആ മഹാസംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ചൂടോടെ വായനക്കാരിലേക്കെത്തിക്കേണ്ടതുണ്ട്. ഒരു ദിവസം മുഴുവനെടുത്ത് വാർത്തകൾ സെറ്റ് ചെയ്യുന്ന അച്ചടി വിഭാഗത്തിനെ പോലെയോ, ഒരേ വാർത്ത തന്നെ സ്ക്രാേൾ ചെയ്തുo വിഷ്വൽസ് ആവർത്തിച്ചും സമയമൊപ്പിക്കുന്ന ചാനലിനെ പോലെയോയല്ല ഓൺലൈനിലെ കാര്യം. ഒരോ അരമണിക്കൂറിലെങ്കിലും പുതിയ കണ്ടെൻ്റ് അപ്‌ലോഡാവണം. കണ്ടാൽത്തന്നെ ഒന്നു തുറന്നു നാേക്കാൻ പ്രേരിപ്പിക്കുന്ന തലക്കെട്ടും വേണം. എങ്കിലാെക്കെയേ ദിനേന തഴച്ചു പാെങ്ങുന്ന പുതുതലമുറ ഓൺലൈൻ മാധ്യമങ്ങളോട് പിടിച്ചു നിൽക്കാനാവൂ എന്നാണ് ചീഫ് പറയുന്നത്.
ഓഫീസിലേക്കുള്ള അതിവേഗയാത്രക്കിടയിൽ ഫോൺ പോക്കറ്റിൽ കിടന്ന് മൂന്നാമതും വിറക്കാൻ തുടങ്ങിയപ്പോൾ ബെെക്ക് റാേഡരികിലേക്ക് ഒതുക്കിയത്. ട്രൂകോളറിൽ തെളിഞ്ഞ പേര് വായിച്ചപ്പോൾ തന്നെ നല്ല പരിചയം താേന്നിയതാണ്.
വീണ്ടും വീണ്ടും വിളിച്ച് ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിച്ചതിന് ശേഷമാണ് അപ്പുറത്തെ സ്ത്രീശബ്ദം സ്വയം പരിചയപ്പെടുത്തിയത്. സ്റ്റെഫി ചേച്ചിയാണ് അവർക്കെൻ്റെ നമ്പർ നൽകിയത്. ഇന്ന് വെെകിട്ട് നാല് മണിക്ക് പ്രസ് ക്ലബിൽ അവരൊരു പ്രസ് മീറ്റ് വെച്ചിട്ടുണ്ട്. അതിൽ ഉറപ്പായും പങ്കെടുക്കണമെന്നതാണാവശ്യം. ഞാനുറപ്പൊന്നും പറയാതെ ഫാേൺ വെച്ചു.
സ്റ്റെഫി ചേച്ചി ഓൺലൈനിൽ നിന്നു ചാനലിലേക്ക് മാറിയതിന് ശേഷം അവർക്കു വരുന്ന ലീഡ്സൊക്കെ എനിക്കാണ് മറിക്കാറ്. വിളിച്ച കക്ഷിയുടെ പേരു കണ്ടപ്പോൾ പരിചയം തോന്നിയത് യാദ്യശ്ചികമല്ല. രണ്ടു വർഷങ്ങൾക്ക് മുമ്പ് ചേച്ചിയുടെ കീഴിൽ ട്രെയിനിയായി ജോയിൻ ചെയ്തപ്പോൾ ആദ്യം റെഫർ ചെയ്യാൻ തന്ന ഫയലുകളിലൊന്നിന് അതേ പേരായിരുന്നു. നീതിക്കായി ആ സ്ത്രീ നടത്തിയ ഒറ്റയാൾപ്പോരാട്ടത്തെ പറ്റി വളരെ ഇൻ്ററസ്റ്റിങ്ങായിരുന്ന ഒരു സ്റ്റോറിയായിരുന്നു അത്.
സ്റ്റെഫി ചേച്ചിയുടെ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമാണ് ആ സ്ത്രീയുടെ പരാതിയിൽ അധികാരികൾ കാര്യമായി ഇടപെടുന്നതും അവർക്ക് നീതി ലഭിക്കുന്നതും. ഇങ്ങനെയൊരു വിഷയം പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടു വന്നതിന് ചേച്ചിക്ക് ദേശീയ-സംസ്ഥാന തലങ്ങളിലെ ഒന്നു രണ്ട് മാധ്യമ പുരസ്കാരങ്ങൾ തരപ്പെടുകയും ചെയ്തതാണ്. ഓൺലൈൻ വിഭാഗത്തിൻ്റെ മുഷിപ്പിൽ നിന്നും ചാനലിൻ്റെ ലൈംലൈറ്റിലേക്കുള്ള ചേച്ചിയുടെ ചാട്ടത്തിനും ആ സ്റ്റോറിയൊരു കാരണമായെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. അതു കൊണ്ടാവണം മറ്റൊരു കേസിലും ഉണ്ടാവാതിരുന്ന പോലെ, "അവർക്ക് വേണ്ട സഹായമൊക്കെ ചെയ്തു കൊടുത്തേക്കണേ കുട്ടാ..." എന്നൊരു സ്നേഹാഭ്യർത്ഥന ചേച്ചിയുടേതായി വാട്ട്സാപ്പിൽ വന്നു കിടക്കുന്നത്. കേസിൽ ആ സ്ത്രീക്കനുകൂലമായ നടപടിയുണ്ടായത് കഴിഞ്ഞ മാസമാണ്. അതിനെ തുടർന്ന് ഞങ്ങളുടെ ചാനലിന് അവർ നൽകിയ എക്സ്ക്ലൂസിവ് ഇൻ്റർവ്യൂവിൻ്റെ അൺ-എഡിറ്റഡ് വീഡിയോയും ചേച്ചി ഷെയർ ചെയ്തിട്ടുണ്ട്.
നീതി ലഭിച്ചതോടെ സ്വാഭാവികമായും അവരെന്ന വാർത്തയുടെ ചൂട് മാധ്യമങ്ങൾക്ക് നഷ്ടപ്പെട്ടതാണ്. 'ഇനിയുമെന്താണാവോ അവർക്കു പറയാനുള്ളത്; അതും ഈ ദിവസം തന്നെ' എന്ന സംശയമാണ് ആദ്യമുണ്ടായത്. ഇന്നത്തെ ദിവസം പ്രധാന മാധ്യമങ്ങളാെന്നും വരാൻ സാധ്യതയില്ലെന്നും അവർക്ക് പറയാനുള്ളതിന് വേണ്ടത്ര മീഡിയ അറ്റൻഷൻ കിട്ടില്ലെന്നുമൊക്കെ പറഞ്ഞു നോക്കിയെങ്കിലും പറയാനുള്ളത് മറ്റൊരു ദിവസത്തേക്ക് നീട്ടി വെക്കാൻ നിവൃത്തിയില്ലെന്ന് അവർ തീർത്തു പറഞ്ഞു.
മറ്റേതൊരു ദിവസമായിരുന്നെങ്കിലും എത്തിക്കോളാമെന്ന് വാക്ക് നൽകിയേനെ. പക്ഷെ, ഇന്നത്തെ കാര്യമൊന്നും ഉറപ്പിക്കാനാവില്ല. പോസ്റ്റു ചെയ്യുന്ന കണ്ടെൻ്റുകളുടെ റീച്ചിൻ്റെ കാര്യത്തിൽ ഇന്ന് നമ്മൾ ഒന്നാമതായിരിക്കണമെന്ന നിർബന്ധം മാനേജ്മെൻ്റിനുണ്ടെന്നാണ് ചീഫ് പറഞ്ഞിരിക്കുന്നത്. മാധ്യമരംഗത്തെ കിടമത്സരത്തിനപ്പുറത്ത് രാജ്യം ഭരിക്കുന്നവരുടെ ഗുഡ്ബുക്കിൽ കയറിപ്പറ്റുകയെന്ന പുതിയ മാനേജ്മെൻ്റിൻ്റെ താൽപര്യം സുവ്യക്തമാണ്. അത് കാെണ്ട്, പതിവുള്ള വലി -ബ്രേക്കുകൾ പോലുമാെഴിവാക്കി അപ്പം ചുട്ടെടുക്കുന്ന കണക്കെ കണ്ടെൻ്റ് പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു. പകുതിയിലധികവും പ്രധാന ദേശീയ ചാനലുകളുടെ പേജുകളിൽ നിന്നും ചൂണ്ടിയതാണ്.
തിരക്കുകളൊന്നൊതുക്കിയ ശേഷം പ്രസ്ക്ലബിലേക്ക് പോകാനായി ഓഫീസ് ക്യാബിലേക്ക് ചാടിക്കയറുമ്പോൾ സമയം നാലര കഴിഞ്ഞിരുന്നു. പിൻസീറ്റിലേക്ക് ചാരിക്കിടന്ന് ചേച്ചി അയച്ച ആ ഇൻ്റർവ്യൂ വീഡിയോ ഞാൻ ഓപ്പൺ ചെയ്തു.
2
അതൊരു സാധാരണ പകലായിരുന്നു. അടുക്കളപ്പണി ഒതുക്കിയ ശേഷം എന്നുമെന്ന പോലെ സോഫയിൽ റീൽസ് കണ്ട് മലർന്ന് കിടക്കുമ്പോഴാണ് വാതിൽ തള്ളിത്തുറന്ന് ഭർത്താവ് കുതിച്ചെത്തിയത്.
"എന്താ ഈ സമയത്ത്?" എന്ന അവളുടെ ചാേദ്യത്തിന് മുഖമടച്ചൊരടിയായിരുന്നു മറുപടി. സാേഫയിലേക്ക് മറിഞ്ഞു പോയ അവൾക്കരിക്കിലേക്ക് അയാളുടെ മാെബൈൽ വന്നു വീണു. ഒരു സ്ത്രീ സ്വന്തം തുണിയുരിയുന്നതിൻ്റെ വീഡിയോ ദൃശ്യമാണ് സ്ക്രീനിൽ. ഒന്നും മനസിലാതെ അവളയാളെ നോക്കി. "മുഴുവൻ കാണെടീ" എന്നാക്രോശിച്ചു കാെണ്ട് അയാളവളുടെ മുഖം ബലം പ്രയോഗിച്ചു മാെബൈലിനു നേരെ പിടിച്ചു. ആറരയിഞ്ചു സ്ക്രീനിൽ നിറയുന്ന വെളുത്തുരുണ്ട വലിയ സ്തനങ്ങൾ. ക്യാമറ മുകളിലേക്ക് പോയപ്പോൾ അവൾ ശരിക്കും ഞെട്ടി. സ്ക്രീനിലെ പെണ്ണിന് തൻ്റെ അതേ മുഖഛായ. അല്ല; ഒറ്റനാേട്ടത്തിൽ താൻ തന്നെ.
"പക്ഷെ..പക്ഷെ..ഇത് ഞാനല്ലല്ലാേ ഏട്ടാ"
"അത് നമ്മളറിഞ്ഞിട്ടെന്താ..നെൻ്റെ പേരിലാണ് ഇതിപ്പോ വാട്ടസാപ്പിലും ഫേസ്ബുക്കിലും ഓടുന്നത്. ഇത് നീയല്ലാന്നു എങ്ങനെ തെളിയിക്കാനാന്നാ?"
അവളുടെ നിറഞ്ഞ കണ്ണുകളെ അവഗണിച്ചു കൊണ്ട് അയാൾ പരുഷമായി പറഞ്ഞു.
"ടിക്ടോക്ക്, റീലെന്നൊക്കെ പറഞ്ഞ് ഇതിൻ്റെ മുന്നിൽ കിടന്ന് തുള്ളീട്ട് ലക്ഷക്കണക്കിന് ഫാൻസിനെണ്ടാക്കീട്ടണ്ടല്ലോ... ഓരൊക്കെ തന്നാവുത് ഷെയർ ചെയ്താഘോഷിക്കുന്നെ. അന്നേ ഞാൻ പറഞ്ഞതല്ലേ നിർത്തിക്കോളാൻ. അപ്പോൾടെ മറ്റോടത്തെ വ്യക്തി സ്വാതന്ത്ര്യം, ഫെമിനിസം. എന്നിട്ടിപ്പെന്തായെടീ..? ഞാനൂൻ്റെ മക്കളുനി എങ്ങനെ പുറത്തിറങ്ങി നടക്കും..?"
കുറച്ചു നേരത്തേക്ക് അവൾക്കൊന്നും പറയാൻ സാധിച്ചില്ല.
ശരിയാണ്; കഴിഞ്ഞ കുറച്ചു കാലമായി അവൾ ഓൺലൈനിടങ്ങളിൽ ആക്ടീവാണ്. കുറി പിടിച്ച കാശിന് പുതിയ സ്‌മാർട്ട്ഫോൺ വാങ്ങിയപ്പോൾ മക്കളാണ് അതിൽ ടിക്ടോക് ഇൻസ്റ്റാൾ ചെയ്തത്. അവരുടെ വീഡിയോകളിൽ ഒപ്പം കൂടിയാണ് തുടക്കം. പിന്നെ, സ്വന്തം പ്രാെഫൈലുണ്ടാക്കി വീഡിയോകൾ പോസ്റ്റു ചെയ്തു തുടങ്ങി. തീരെ ചെറുപ്പത്തിലെ പഠിച്ചു തുടങ്ങി ഇടക്കെപ്പഴോ പാടെ ഉപേക്ഷിച്ച പാട്ടും നൃത്തവും പാെടിതട്ടിയെടുത്തപ്പോൾ അവൾക്കൊരുപാട് ഫോളോവേഴ്സായി. ടിക്ടാേക് നിരോധിച്ചപ്പോൾ പിന്നെ ഇൻസ്റ്റാഗ്രാമിലെ റീൽസായി. ഇതൊന്നും പക്ഷെ ഭർത്താവിന് ഒട്ടും ദഹിച്ചിരുന്നില്ല. നിർത്താൻ പലവട്ടം പല രീതിയിൽ അയാൾ ആവശ്യപ്പെട്ടിട്ടും അവൾ വഴങ്ങിയതുമില്ല. കാരണം, അപ്പോഴേക്കുമവൾ സ്വയം സ്നേഹിച്ചു തുടങ്ങിയിരുന്നു.
"എനിക്ക് പോലീസിൽ പരാതിപ്പെടണം"
അവളെഴുന്നേറ്റ് അഴിഞ്ഞുലഞ്ഞ മുടി വാരിച്ചുറ്റി.
"ആ.. ഇനി അദ്ൻ്റെ മാനക്കേടൂടെ വേണം... മിണ്ടാണ്ടെ പാെയ്ക്കാേട്ന്ന്" - അയാൾ ചീറി.
അതൊന്നും പക്ഷെ അവളെ തടഞ്ഞില്ല. ആദ്യം അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കും പിന്നെ, അവർ പറഞ്ഞ പ്രകാരം ടൗണിലെ സൈബർസെൽ ആസ്ഥാനത്തേക്കും അവളുടെ ആക്ടീവ പാഞ്ഞു.
"മാഡം, ഒറ്റ നോട്ടത്തിൽ താേന്ന്വെങ്കിലും ഒന്ന് സൂക്ഷിച്ച് നാേക്കിയാൽ തന്നെ ഇത് നിങ്ങളല്ലാന്ന് മനസിലാവുന്നുണ്ടല്ലോ. ഇതിലാണെങ്കിൽ മാേർഫിങ്ങുമില്ല. മറ്റാരുടേയോ വീഡിയോ നിങ്ങളുടേതെന്ന പേരിൽ ആരോ മനപൂർവ്വം അപ്‌ലോഡ് ചെയ്തതാണ്."
വീഡിയോയും പരാതിയും പരിശോധിച്ച ശേഷം പോലീസുദ്യാേഗസ്ഥൻ പറഞ്ഞു.
"അതറിയാം സർ. പക്ഷെ, ഇത് ഞാനല്ലെന്ന് തെളിയിക്കാനുള്ള ഒരു രേഖയാണെനിക്ക് വേണ്ടത്."
"തീർച്ചയായും. നിങ്ങളുടെ പരാതി പ്രകാരം ഞങ്ങളീ വീഡിയോ ഉടനെ ഫോറൻസിക് പരിശോധനക്കയക്കും."
അവളുടെ ശബ്ദത്തിലെ ദൃഢത തിരിച്ചറിഞ്ഞ പാേലീസുകാരൻ പെട്ടെന്ന് പറഞ്ഞു.
ഒരാഴ്ച്ചയ്ക്ക് ശേഷം സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് വ്യാജ വീഡിയാേ പ്രചരിപ്പിച്ചതിൻ്റെ പേരിൽ ഭർത്താവിൻ്റെ സഹപ്രവർത്തകനെതിരെ കേസെടുത്ത വിവരവും അതുമായി ബന്ധപ്പെട്ട് മാെഴിയെടുക്കാൻ വിളിപ്പിച്ച ഭർത്താവ് ആ വീഡിയാേയിൽ കാണുന്നത് അവൾ തന്നെയാണെന്ന് സംശയിക്കുന്നതായി മാെഴി നൽകിയതും അവളറിയുന്നത്. കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. എല്ലാമറിഞ്ഞിട്ടും അയാൾ എന്തിനാവും അങ്ങനെയൊരു കള്ളമാെഴി നൽകിയത്?
ആ ചാേദ്യത്തിനുള്ള മറുപടി രണ്ട് ദിവസത്തിന് ശേഷം ഡൈവോർസ് പെറ്റീഷൻ്റെ രൂപത്തിൽ അവളെ തേടിയെത്തി. കുടുംബത്തെ പോലും മറന്നുള്ള സാേഷ്യൽ മീഡിയ അഡിക്ഷനും സ്വന്തം നഗ്നത പോലും ഓൺലൈനായി പങ്കുവെക്കുന്ന തരത്തിലുള്ള സ്വഭാവദൂഷ്യവുമാണ് വിവാഹമോചനം ആവശ്യപെടുന്നതിനുള്ള കാരണങ്ങളായി ചേർത്തിരിക്കുന്നത്.
പക്ഷെ, അവളാകെ തകർന്നു പോയത് മക്കളുടെ ചാേദ്യങ്ങൾക്ക് മുമ്പിലാണ്.
"അമ്മയുടെ റീൽസൊക്കെ കുറച്ചോവറാണെന്ന് ഞാനെപ്പഴും പറയാറില്ലേ?" - ഒമ്പതാം ക്ലാസുകാരി മകളാണ്.
"അല്ലെങ്കിലും ഞങ്ങൾ പറയുന്നതിന് നിങ്ങൾക്കെന്തെങ്കിലും വിലയുണ്ടോ. എൻ്റെ ഫ്രണ്ട്സിൻ്റെ മുമ്പിൽ വരുമ്പാേഴെങ്കിലും ഒരു ഷാൾ എടുത്തിടാൻ ഞാനെത്ര വട്ടം പറഞ്ഞിട്ടുള്ളതാ?" - ചാേദിക്കുന്നത് പ്ലസ്ടുക്കാരൻ മകനാണ്.
ശരിയാണ്; ഒരിക്കൽ അവനങ്ങനെ ആവശ്യപ്പെട്ടപ്പോൾ, "പിള്ളേരല്ലേടാ..അവരുടെ അമ്മമാർക്കുള്ളതല്ലേടാ എനിക്കുമുള്ളത്." എന്ന് ചിരിച്ചു തള്ളുകയാണുണ്ടായത്. പക്ഷെ, ഏത് കണ്ണുകൾ കാെണ്ടാവും അവൻ തൻ്റെ സുഹൃത്തുക്കളുടെ അമ്മമാരെ നാേക്കിയിട്ടുണ്ടാവുകയെന്ന് ഇപ്പോൾ ചിന്തിച്ചപ്പോൾ അവളാകെ ഭയന്നു പോയി.
മക്കൾക്ക് സ്വന്തം അമ്മയെ തിരിച്ചറിയാതിരിക്കാനാവുമോ; അതോ, ഭർത്താവിനെ പോലെ അവരുമങ്ങനെ നടിക്കുകയാണാേ. ശരീരമാകെ തളരുന്നതായി അവൾക്കനുഭവപ്പെട്ടു.
അന്നു തന്നെ ഭർത്താവ് മക്കളേയും കാെണ്ട് അയാളുടെ തറവാട്ടിലേക്ക് പോയി.
ഒറ്റയ്ക്കായെന്നുറപ്പായപ്പോൾ ദുഃഖവും ഭയവുമെല്ലാം വഴിമാറി. സത്യം തെളിയുന്നത് വരെ തളരാതെ പോരാടാൻ അവൾ മനസ്സുറപ്പിച്ചു.
പരാതി നൽകി രണ്ട് മാസത്തിനകം ഫോറൻസിക് പരിശോധനാ ഫലം വന്നു. എന്നാൽ, ആ വീഡിയോയിലുള്ളത് അവളല്ലെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. മറ്റൊരു ലാബിലേക്ക് കൂടി പരിശോധനക്കയക്കാനുള്ള അവളുടെ അപേക്ഷക്ക് ഉദ്യോഗസ്ഥർ വലിയ പരിഗണന നൽകിയില്ല. 'സർട്ടിഫിക്കറ്റ് ലഭിച്ചാലുമില്ലെങ്കിലും സത്യം നിങ്ങൾക്കറിയാമല്ലോ' എന്നൊരു തണുപ്പൻ നിലപാടായിരുന്നു അവർക്ക്.
ആകെ മനസ്സു തകർന്ന് അവിടെ നിന്നും തിരിച്ചു പോരാനൊരുങ്ങുമ്പോഴാണ് സാമൂഹിക പ്രവർത്തകയും സ്ത്രീപക്ഷവാദിയും എഴുത്തുകാരിയുമാെക്കെയായ ടീച്ചറെ കണ്ടുമുട്ടിയത്. ഒരു പ്രമുഖ സിനിമാനടൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതികരിച്ചതിന് താൻ നേരിടുന്ന സൈബറാക്രമണണത്തെ പറ്റി പരാതിപ്പെടാൻ വന്നതായിരുന്നു അവർ. വിവരങ്ങളെല്ലാമറിഞ്ഞപ്പോൾ അവർ തന്നെയാണ് സ്റ്റെഫിയെ
വിളിച്ച് ഇത് വാർത്തയാക്കാൻ ഏർപ്പാടാക്കിയത്.
ആ വാർത്ത ചർച്ചയായതോടെ ഡിജിപി തന്നെ നേരിട്ടിടപെട്ടാണ് സൈബർ-ഫോറൻസിക്കിൽ രാജ്യത്തെ അവസാനവാക്കായ സി-ഡാക്കിലേക്ക് വീഡിയാേ പുന:പരിശോധനക്കായി അയക്കുന്നത്. ആ വീഡിയോയിലുള്ളത് അവളല്ലെന്ന് സംശയലേശമന്യേ സാക്ഷ്യപെടുത്തുന്നതായിരുന്നു മൂന്നു മാസത്തിന് ശേഷം വന്ന സി-ഡാക്കിൻ്റെ പരിശോധനാഫലം.
"ഞാനൊരു തെറ്റും ചെയ്തില്ലെന്ന് പൂർണ്ണബാേധ്യമുള്ളതിനാലാണ് എൻ്റെ മുഖവും പേരു വിവരങ്ങളും മറയ്ക്കാതിരുന്നത്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്ന മറ്റാർക്കെങ്കിലും അതൊരു പ്രചോദനമാവട്ടെയെന്നും കരുതി. ഒറ്റക്കായെന്ന തിരിച്ചറിവായിരുന്നു പോരാടാനുള്ള ഊർജ്ജം. എന്നാൽ, പിൻതിരിഞ്ഞു നാേക്കുമ്പോൾ എനിക്കെങ്ങനെ ഇവിടെ വരെയെത്താനായെന്ന് അതിശയിക്കാറുണ്ട്. ഞാൻ തെറ്റുകാരിയല്ലെന്ന് എൻ്റെ മക്കൾക്ക് മുന്നിലെങ്കിലും തെളിയിക്കണമെന്നുള്ള വാശിയായിരുന്നു. എൻ്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടതോടെ മക്കളും ഭർത്താവും തിരിച്ചു വരുമെന്നാണ് വിശ്വാസം" -ഇങ്ങനെയൊരു ശുഭാപ്തി വിശ്വാസം പങ്കുവെച്ചു കൊണ്ടാണ് ആ ചാനൽ ഇൻ്റർവ്യൂ അവസാനിക്കുന്നത്.
3
ഹാളിനകത്ത് ഞാൻ പ്രതീക്ഷിച്ചതിലധികം ആളുകളുണ്ടായിരുന്നു. മുഖ്യധാരാ മാധ്യമ പ്രതിനിധികളുടെ കുറവ് നികത്താൻ വേണ്ടതിലധികം ഓൺലൈൻ മാധ്യമക്കാരവിടെ എത്തിച്ചേർന്നിരുന്നു. വേദിയിൽ അവർക്കിരുവശത്തുമായി ടീച്ചറും മറ്റൊരു സ്ത്രീസംഘടനാ പ്രതിനിധിയുമുണ്ട്.
"വരൂ.. വരൂ.. നിങ്ങളെ കാത്തിരിക്കുകയായിരുന്നു. മറ്റാരു വന്നില്ലെങ്കിലും നിങ്ങളുടെ ചാനലിൽ നിന്നാരെങ്കിലും എത്തുമെന്നെനിക്കുറപ്പായിരുന്നു. തുടക്കം താെട്ടേ എനിക്കൊപ്പം നിന്നവരല്ലേ. പറഞ്ഞാൽ തീരാത്തത്ര കടപ്പാടുണ്ട്"
എഴുന്നേറ്റ് നിന്ന് കൈകൂപ്പിയാണ് അവരെന്നെ സ്വാഗതം ചെയ്തത്. അൽപം കൂടി നേരത്തെ ഇറങ്ങാതിരുന്നതിൽ എനിക്കപ്പോൾ കുറ്റബോധം തോന്നി.
ടീച്ചർ മെെക്ക് കെെയിലെടുത്തു.
"എന്നാലിനി നമ്മൾക്ക് തുടങ്ങാം. ഇനിയാരെങ്കിലും വരുമെന്ന് തോന്നുന്നില്ല. ഇന്നത്തെ തിരക്കിനിടയിലും ഞങ്ങളുടെ പെട്ടെന്നുള്ള ക്ഷണം സ്വീകരിച്ചെത്തിയ നിങ്ങൾക്ക് ആദ്യമേ നന്ദി അറിയിക്കുന്നു."
തുടർന്ന് സംസാരിക്കാനായി മെെക്ക് അവർക്കു കൈ മാറി.
"എല്ലാർക്കും നമസ്കാരം. സി-ഡാക്കിൻ്റെ സാക്ഷ്യപ്പെടുത്തലോടെ എൻ്റെ പ്രശ്നങ്ങളെല്ലാം തീർന്നതല്ലേ, പിന്നെന്തിനാണ് വീണ്ടുമൊരു പത്രസമ്മേളനമെന്നാവും നിങ്ങളിൽ പലരും ചിന്തിക്കുന്നത്."
വളരെ പതിഞ്ഞ സ്വരത്തിലാണ് അവർ സംസാരിച്ചു തുടങ്ങിയത്. ഇൻ്റർവ്യൂവിൽ കണ്ട പോരാട്ടവീര്യമെല്ലാം എവിടെയോ നഷ്ടമായതു പോലെ എനിക്കപ്പോൾ താേന്നി.
"ആ സാക്ഷ്യപ്പെടുത്തലോടെ എനിക്കു നീതി ലഭിച്ചുവെന്ന് തന്നെയാണ് നിങ്ങളെപ്പോലെ ഞാനും വിശ്വസിച്ചത്. പക്ഷെ, ബന്ധുക്കളുടേയും നാട്ടുകാരുടെയും മുന്നിൽ ഞാൻ തെറ്റുകാരിയല്ലെന്ന് തെളിയിക്കാൻ ആ രേഖ മാത്രം പോരെന്നാണ് എൻ്റെ ഭർത്താവ് ഇപ്പോൾ പറയുന്നത്. അതിനാൽ വിവാഹമോചന പെറ്റീഷൻ പിൻവലിക്കാനും എൻ്റെ മക്കളെ വിട്ടു തരാനും അദ്ദേഹം തയ്യാറാവുന്നില്ല."
പെട്ടെന്നു നിർത്തി, നിറഞ്ഞ കണ്ണുകൾ സാരിത്തുമ്പിനാലാെപ്പിക്കൊണ്ട് അവർ തുടർന്നു.
"നിങ്ങൾ തന്നെ പറയൂ, ഞാൻ ചെയ്ത തെറ്റെന്താണ്? ഏതോ ഒരാൾ എൻ്റേതെന്ന പേരിൽ ഒരു വ്യാജ വീഡിയോ പങ്കുവെച്ചതിന് ഞാനെങ്ങനെയാണ് കുറ്റക്കാരിയാവുന്നത്? എന്നിട്ടുമാെരു സ്ത്രീക്ക് അനുഭവിക്കാവുന്നതിൻ്റെ പരമാവധി ഞാനനുഭവിച്ചു. ഇനിയുമെനിക്ക് വയ്യ."
തികട്ടി വരുന്ന കരച്ചിലിൽ വാക്കുകൾ മുറിഞ്ഞു പോകുന്നു. ടീച്ചർ അവളുടെ കൈയ്യിൽ നിന്നും മൈക്ക് വാങ്ങി.
"നിങ്ങളിവളുടെ ചാേദ്യം കേട്ടില്ലേ...? ആശാൻ്റെ സീത തൻ്റെ രാമനോട് ചോദിച്ചതും ഇതേ ചോദ്യമാണ്. രാവണന് അവളുടെ ശരീരത്തോട് മാേഹം താേന്നിയതെങ്ങനെയാണ് സീതയുടെ തെറ്റാവുന്നത്. അങ്ങനെ, യാതാെരു തെറ്റും ചെയ്യാതിരുന്നിട്ടും സീതയ്ക്ക് അഗ്നിപരീക്ഷ നടത്തി സ്വന്തം ശുദ്ധി തെളിയിക്കേണ്ടി വന്നു. എന്നിട്ടുമവളെ രാമൻ സ്വീകരിച്ചില്ല. വർഷങ്ങൾക്കു ശേഷം, കാട്ടിൽ വസിക്കുന്ന സീതയെ വീണ്ടുമാെരിക്കൽ കൂടി കണ്ടുമുട്ടിയപ്പോൾ രാജ്ഞിയായി സ്വീകരിക്കാൻ രാമൻ തയ്യാറാകുന്നു. പക്ഷെ, അതിനവൾ വീണ്ടുമാെരിക്കൽ കൂടി അഗ്നിശുദ്ധി നേടണമെന്ന ആവശ്യം തള്ളിക്കളഞ്ഞു കാെണ്ട് സീത അമ്മയായ ഭൂമിദേവിക്കൊപ്പം പോയെന്നാണ് കഥ. ഇവിടെ,
സമാനമായ അവസ്ഥയിലൂടെയാണ് ഈ സ്ത്രീയും കടന്നു പോകുന്നത്. എല്ലാ സത്യവുമറിഞ്ഞിട്ടും കൂടെ നിൽക്കാത്ത ഭർത്താവിനും തന്നെ അവിശ്വസിച്ച മക്കൾക്കും ബോധ്യപ്പെടാൻ വേണ്ടി മാത്രമാണ് അവൾ ഒറ്റയ്ക്ക് പോരാടിയത്. പക്ഷെ, ഫോറൻസിക് പരിശോധനയെന്ന അഗ്നിപരീക്ഷ മാത്രം പോരത്രേ, സമൂഹത്തെ ബാേധ്യപ്പെടുത്താൻ പാകത്തിലുള്ള പുതിയൊരു സാക്ഷ്യം വേണമെന്നാണ് ഈ അഭിനവ രാമനും ആവശ്യപ്പെടുന്നത്."
അടുത്ത ഊഴം വേദിയിലെ മൂന്നാമത്തെ സ്ത്രീയുടേതായിരുന്നു.
"കാര്യങ്ങളാെട്ടുമനുകൂലമല്ലെങ്കിലും ഈ പ്രസ്സ്മീറ്റ് ഇന്ന് തന്നെ നടക്കണമെന്ന നിർബന്ധം ഞങ്ങൾക്കുണ്ടായിരുന്നു. അങ്ങ് വടക്ക് പുതിയൊരു രാമരാജ്യത്തിനായുള്ള പ്രാണപ്രതിഷ്ഠ നടക്കുന്ന ഇന്ന് തന്നെ വേണമല്ലോ ഈ സീതയുടെ രണ്ടാം അഗ്നിപരീക്ഷ നടക്കേണ്ടത്. ഈ രാജ്യം സീതയുടേത് കൂടിയാണെന്ന ഒരാേർമ്മപ്പെടുത്തലിന് അത്രെയെങ്കിലും വേണ്ടേ ?"
മെെക്ക് വീണ്ടും അവളിലേക്ക് തന്നെയെത്തി.
"സമൂഹത്തിൻ്റെ കണ്ണുകളാണല്ലോ നിങ്ങൾ മാധ്യമങ്ങൾ. നിങ്ങളെനിക്ക് വേണ്ടി സാക്ഷ്യം പറയുക. കഴിഞ്ഞ കുറേയേറെ വർഷങ്ങളായി ഞാനൊരു സ്തനാർബുദബാധിതയാണെന്ന കാര്യം ഞാനും ഭർത്താവും മക്കളിൽ നിന്നു പോലും മറച്ചു വെച്ചതാണ്. ചികിത്സ സാധ്യമല്ലാത്ത ഘട്ടത്തിലാണത് തിരിച്ചറിഞ്ഞത്. ആ വീഡിയോയിൽ കാണുന്ന സുന്ദരമായ മാറിടം എൻ്റേതായിരുന്നെങ്കില്ലെന്ന് സത്യമായും ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, എൻ്റേത് ഇങ്ങനെയാണ്; ഇതും
വെെകാതെ മുറിച്ചു മാറ്റപ്പെടും."
ഇത്രയും പറഞ്ഞു കൊണ്ട് അവൾ സ്വന്തം സാരി നെഞ്ചിൽ നിന്നും പറിച്ചു മാറ്റി. ഹുക്ക് വലിച്ചു പൊട്ടിച്ച ബ്ലൗസിനടിയിലെ നഗ്‌നത ഞങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടു.
അർബുദത്തിൻ്റെ കാളിമ പടർന്ന് വികൃതമായ ആ വലിയ സ്തനങ്ങളാണ് അവളെ കുറ്റവിമുക്തയാക്കാനുള്ള അന്തിമ സാക്ഷ്യമെന്ന തിരിച്ചറിവിൽ, ചവിട്ടി നിൽക്കുന്ന ഭൂമി വാ പിളർന്ന് ഞങ്ങളെയൊന്നാകെ വിഴുങ്ങി.
No comments:
Post a Comment