Sunday, 19 January 2025

മുള്ളന്‍പന്നി

"തൊടീല് പുത്യേ ആളോള്‍ടെ വരവും പോക്കും തൊടങ്ങീണ്ടല്ലോ തമ്പാട്ട്യേ"

ജാനകിയുടെ പരുപരുത്ത ശബ്ദം വടക്കോറത്തുയര്‍ന്നതും  വസുമതി ടീച്ചറുടെ  നീര് കെട്ടി ചീർത്ത മുഖം അടുക്കളവാതുക്കല്‍ തെളിഞ്ഞു.

"അതാരാപ്പോത് ഞാളറിയാത്ത പുത്യേ ആളോള്??"

ചിറി കോട്ടി ചിരിച്ചു കൊണ്ട് ജാനകി കൈ ചൂണ്ടിയിടത്തേക്ക് ഒന്നേ നോക്കിയുള്ളു; ഒരു വികൃത ശബ്ദം ടീച്ചറില്‍ നിന്നും തെറിച്ചു വീണു. തലേ രാത്രി കിടക്കുന്നതിന് മുമ്പ് കൂടി വെള്ളമൊഴിച്ച് തൊട്ട് തലോടിയ കറമൂസിന്‍ തൈയ്യ് മൊട്ടയടിക്കപ്പെട്ട നിലയിൽ നടുവൊടിഞ്ഞു നില്‍ക്കുന്നു.

"ന്‍റെ ദേവ്യേ...ദാരാപ്പോ ഈ ദ്രോഹം ചെയ്തേ?" 

 ടീച്ചറുടെ  വലത് കൈ നെറ്റിയിലമർന്നു.

"മുള്ളന്‍പന്ന്യന്നെ....അല്ലാണ്ടാരാ"  

ജാനകിയുടെ സംശയലേശമന്യേയുള്ള പ്രസ്താവന കേട്ട് ടീച്ചറുടെ സ്വതേ ഇടുങ്ങിയ കണ്ണുകൾ വികസിച്ചു.

"മുള്ളന്‍പന്ന്യോ??" 

"ആന്ന്...കൊറേ കാലായി ഈന്‍റെ ശല്യം തൊടങ്ങീട്ട്...വടക്കേലെ ലീലേച്ചി ഇന്നലേം കൂടെ കൊളക്കടവിന്ന് കണ്ടപ്പോ പറഞ്ഞേള്ള്..."

പെട്ടെന്നന്തോ ഓർത്ത്, ദീർഘമായൊന്ന്  നിശ്വസിച്ച്,  ഈര്‍ക്കില്‍ ചൂലിന്‍റെ മൂട് ഇടത്തെ കൈപ്പത്തിയിലിടിച്ചു നിരപ്പാക്കിക്കൊണ്ട് ജാനകി പോയി.

ഉമ്മറത്തെ ചാരു കസേരയില്‍ മഴവില്ലാകൃതിയിലിരുന്ന് പത്രവാര്‍ത്തകള്‍ കടിച്ചു പൊട്ടിക്കുന്ന ഗോപാലന്‍ നായർക്ക് ചൂടാറിത്തുടങ്ങിയ ചായക്കൊപ്പം ഈ ചൂടൻ വാര്‍ത്തയും കൊണ്ടാണ്  വസുമതി ടീച്ചര്‍ ചെന്നത്.

"നെന്നോടാരാ പറഞ്ഞേ  മുള്ളന്‍ പന്ന്യാന്ന്...? അത് വല്ല ഡങ്കി പനിക്കാരും പൊട്ടിച്ചോണ്ട് പോയതാവും."

പത്രത്തില്‍ നിന്നും കണ്ണുയര്‍ത്താതെയുള്ള നായരുടെ പറച്ചിൽ ടീച്ചര്‍ക്കത്ര ദഹിച്ചില്ല.

ഡങ്കി പനിക്കാര്‍ക്ക്  കറമൂസിന്റില നല്ലതാന്ന് ടീച്ചര്‍ക്കറിയാം. മൂത്തവള്‍ സുമക്ക് കഴിഞ്ഞ കൊല്ലം പനി വന്നപ്പോൾ ഓട്ടോക്കാരന്‍ സുമേഷ് വശം ഇലകൾ കുറെ കൊടുത്തയച്ചതാണ്. എന്നാൽ അടുക്കളപ്പുറത്തെ കറമൂസയുടെ കോലം കണ്ടാൽ ജാനകി പറഞ്ഞതു വിശ്വസിക്കേണ്ടി വരും. ടീച്ചറുടെ  മുഖത്തെ അവിശ്വാസം കണ്ടിട്ടാവണം തണുത്ത ചായ ഒറ്റവലിക്ക് കുടിച്ച് ഗ്ലാസ് ഊക്കോടെ കസേരക്കൈയ്യില്‍ വെച്ച് ഗോപാലൻ നായർ വീണ്ടും വാര്‍ത്തകള്‍ കടിച്ചു പൊട്ടിക്കാന്‍ തുടങ്ങി. 

പിറ്റേന്ന് കാലത്ത്, തൊടിയില്‍ നിന്നും കറിവേപ്പില നുള്ളി വരുമ്പോഴാണ് അലക്ക് കല്ലിന്‍റെ അടുക്കല്‍ നിന്നും ടീച്ചര്‍ക്കത് കിട്ടിയത് - മുള്ളന്‍പന്നിയുടെ നീണ്ടു മിനുത്തൊരു മുള്ള്. അതും പൊക്കിപ്പിടിച്ച് അവരുമ്മറത്തേക്കോടി.

പത്രത്തിന്‍റെ മൂല അല്‍പമൊന്നു  താഴ്ത്തി, മുന്നില്‍ വന്നു നിന്നു കിതക്കുന്ന ഭാര്യയുടെ മുഖത്തേക്ക് നോക്കി ഗോപാലന്‍ നായര്‍ നീട്ടി മൂളി: 

"ഊം...?"

"പ്പെന്തായി...ജാനകി പറഞ്ഞത് നേരായില്ലേ...അത് മുള്ളന്‍പന്ന്യന്നെ"

മുള്ള്  അയാളുടെ മുഖത്തേക്ക് നീട്ടിക്കൊണ്ട് കിതപ്പോടെ ടീച്ചര്‍  പറഞ്ഞൊപ്പിച്ചു.

"ഓ...ആയ്ശ്ശേരി...ഇപ്പോ ഞാന്‍ കള്ളന്‍...ആ നായിന്റോള്‍ സത്യവതി.... ത്ഫൂ..."

പത്രം ചുരുട്ടി നിലത്തെറിഞ്ഞ്  ചാടിത്തുള്ളി പോകുന്ന അയാളെ നോക്കി ടീച്ചർ വായും പൊളിച്ചിരുന്ന് പോയി. മുമ്പൊരിക്കല, മുണ്ടിന്‍റെ കോന്തലയില്‍ക്കെട്ടി  ജാനകി പഞ്ചസാര കടത്തുന്നു എന്ന സംശയം പറഞ്ഞപ്പോള്‍ "ഓളങ്ങനൊന്നും ചെയ്യൂല; ഓള് നല്ലോളാന്ന്" പറഞ്ഞ ആള്‍ക്കിപ്പോ പെട്ടെന്നോളെങ്ങനെ നായിന്റോളായീന്ന് ടീച്ചര്‍ക്കൊരു പിടിയും കിട്ടിയില്ല. 

(കഥാഗതിയുമായി നേരിട്ട് ബന്ധമില്ലെങ്കിലും ടീച്ചർക്ക് പിടികിട്ടാത്ത ആ 'കാരണം' പ്രതിപാദിക്കാതെ പോകുന്നത് വായനക്കാർക്ക് അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് തോന്നിയതിനാൽ വിവരിക്കുന്നു.) 

നായരുടെ മനംമാറ്റത്തിന് ഹേതുവായ സംഭവം നടക്കുന്നത് ഏതാണ്ടൊരു മാസം മുമ്പാണ്. കാലത്ത് അഞ്ചര മണിക്ക് ജാനകി എത്തുമ്പോൾ എന്നുമെന്ന പോലെ ടീച്ചര്‍ നല്ല ഉറക്കത്തിലായിരുന്നു. ജാനകി മുറ്റമടിക്കുന്ന നേരത്ത്  ഉമ്മറത്തിന്‍റെ തെക്കേ അതിരില്‍ ചെന്ന് നിന്നൊരു മുള്ളല്‍ ഗോപാലന്‍ നായര്‍ക്ക്‌ പതിവാണ്. മുള്ളിക്കഴിഞ്ഞ് മുണ്ട് പൊക്കിപ്പിടിച്ച് നിന്ന് കൊണ്ട്  തന്നെ ജാനകിയുടെ നേരെ തിരിഞ്ഞൊരു ലോഹ്യം പറച്ചിലുമുണ്ട്. അന്നത്തെ ആ ലോഹ്യം പറച്ചിലിനിടയിലാണ് ഒരു ബൈക്ക്  മുറ്റത്തെ ചരലില്‍ ഇരച്ചു വന്നു നിന്നത്.  ഞെട്ടി പുറകോട്ടു മാറിയ അയാൾ ഹെഡ് ലൈറ്റിന്റെ പുളിപ്പ് കണ്ണില്‍ നിന്നും മാറിയപ്പോള്‍ ബൈക്കിലിരിക്കുന്ന ആളെ  ശെരിക്കും കണ്ടു. ഓട്ടോക്കാരന്‍ സുമേഷാണ്; ജാനകിയുടെ എളയോന്‍.

"എന്താ നായരെ ഇങ്ങക്ക് പഞ്ചാരെന്റെ സൂക്കെടുണ്ടോ? അല്ല....ഈ നേരം തെറ്റിയുള്ള മുള്ളല് കണ്ടു ചോദിച്ചതാ..." 

അയാള്‍ക്ക് തൊണ്ട വരളുന്ന പോലെ തോന്നി.

"നോക്കീം കണ്ട്വോക്കെ മുള്ളിക്കോളീട്ടോ. അല്ലേപ്പിന്നെ മുള്ളാന്‍ സാധനം കാണൂലാ. അങ്ങനത്തെ കാലാ."

ഒരു വഷളന്‍ ചിരി ചിരിച്ചു കൊണ്ട് അവൻ ബൈക്ക് തിരിച്ച് വന്ന വഴിയെ ഓടിച്ചു  പോയി.

"ഓന്‍ വല്യ സഖാവാമ്പ്രാ...അതോണ്ടന്നെ, ഇങ്ങളെ പോലത്തെ  വല്യോരോടോന്നും ഇന്നേം ഇന്‍റെ കേട്ട്യോനേമ്പോലത്തെ പേടീം ബഹുമാനോം ഓനില്ല."
     
മുറ്റത്തെ ചവറിനൊപ്പം മുഖത്ത് വിടര്‍ന്ന ചിരിയും തൂത്ത് കളഞ്ഞ് ജാനകി  പിന്നാമ്പുറത്തെക്ക് നടന്നു. മുണ്ടിന്‍റെ മുന്‍ഭാഗത്ത് നനവ് പടര്‍ന്നതറിയാതെ നായർ കട്ടിലില്‍ ചെന്ന് വീഴുമ്പോഴും ടീച്ചർ നല്ല ഉറക്കത്തിലായിരുന്നു.

കാളിംഗ് ബെല്ലടിച്ചു. 

ബാംഗ്ലൂരിലെ ബഹുനില ഫ്ലാറ്റ് സമുച്ചയത്തിൽ മകന്‍ പുതുതായി വാങ്ങിയ മൂന്നു ബെഡ്റൂം ഫ്ലാറ്റിന്‍റെ ബാല്‍കണിയിലിട്ട ചാരുകസേരയിൽ നിന്നും വസുമതി ടീച്ചര്‍ പതിയെ എണീറ്റു.

ഗാർബേജ് എടുക്കാന്‍ വന്നവരാകണം. എന്നുമെന്ന പോലെ, ഓഫീസിലേക്കിറങ്ങുമ്പോള്‍ മരുമകള്‍ ഓര്‍മ്മിപ്പിച്ചതാണ്. എന്നിട്ടും കൂടകൾ പുറത്തെടുത്ത് വെക്കാന്‍ മറന്നിരിക്കുന്നു.  

വാതിൽ തുറന്ന് ജൈവമെന്നും അജൈവമെന്നും തരം തിരിച്ച കൂടകൾ ടീച്ചർ പുറത്തെടുത്ത് വെച്ചു. അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. വരാന്തയുടെ അറ്റത്തായി ഒരു സ്ത്രീ നിന്ന് തറ തുടക്കുന്നുണ്ട്. തല ഒന്നുയർത്തുക പോലും ചെയ്യാതുള്ള നിൽപ് കണ്ടാൽ തറയിലെ അഴുക്കല്ലാതെ മറ്റൊന്നും അവർ കാണുന്നില്ലെന്ന് തോന്നും. ടീച്ചർ അകത്തേക്ക് കയറി വാതിലടച്ചു. ഇവിടേക്ക് വന്ന കാലത്ത് ഗാർബേജ് എടുക്കുന്നവരെ കാണാനായി ടീച്ചര്‍ കാത്തു നിന്നിട്ടുണ്ട്. മറ്റൊന്നിനുമല്ല; അവർക്ക് വല്ല ചായയോ കഞ്ഞിവെള്ളമോ വേണമോയെന്ന് ചോദിക്കാമല്ലോ എന്നു കരുതിയാണ്. ശ്വാസം മുട്ടുന്ന ഏകാന്തതയിൽ നിന്നും അങ്ങനെയെങ്കിലും അല്പമൊരാശ്വാസം ടീച്ചര്‍  പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവരൊരിക്കലും ടീച്ചറുടെ മുന്നിൽ വന്നില്ല. മുന്നിൽ പെട്ടാൽ തന്നെ വഴി മാറിപ്പോയി. ആദ്യമെല്ലാം പ്രയാസം തോന്നിയെങ്കിലും തങ്ങളെ നിയമിച്ചിരിക്കുന്ന ഏജൻസിയുടെ നിയന്ത്രണത്തിലുള്ള മനുഷ്യ യന്ത്രങ്ങൾ മാത്രമാണ് അവരെന്ന തിരിച്ചറിവ് ആ പ്രയാസത്തെ  അനുകമ്പയാക്കി മാറ്റി.

ടീച്ചർ വീണ്ടും ചെന്ന് വാതിൽ തുറന്ന് നോക്കി.  കൂടകൾ അവിടെ തന്നെയുണ്ട്.  കൂടകൾ എടുക്കുന്നവർ ഇനിയും വന്നില്ലെങ്കിലോ? മരുമകളുടെ ഇരുളുന്ന മുഖം ഓർക്കാനിഷ്ടപ്പെടാതെ ടീച്ചർ തിരികെ വന്ന് ചാരുകസേരയിലേക്ക് ചാഞ്ഞു.

ഫ്ലാറ്റ് സമുച്ചയം നില്‍ക്കുന്നിടം മുമ്പ് നാഗദേവതയുടെ വെച്ചാരാധനയുള്ള വലിയൊരു കാവായിരുന്നത്രേ. കാവ്‌ വെട്ടിത്തെളിച്ച് ഫ്ലാറ്റ് പണിയുന്നതിനെതിരെ കാവിനോട് ചേർന്ന് താമസിച്ചിരുന്ന ഗോത്രക്കാര്‍ പ്രതിഷേധിച്ചു. പരിസ്ഥിതിവാദികളും അവര്‍ക്കൊപ്പം ചേര്‍ന്നതോടെ വിഷയത്തിനു വലിയ മാധ്യമ ശ്രദ്ധ കിട്ടിത്തുടങ്ങി. അതോടെ, അത് വരെ എതിർപ്പിനെ അവഗണിച്ചിരുന്ന ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ ചര്‍ച്ചക്ക് തയ്യാറായി. വീടുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്നും ചിലര്‍ക്കൊക്കെ ഉയരുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ തന്നെ ജോലി നല്‍കാമെന്നും ധാരണയായി. നാഗദേവതക്കായി കോമ്പൌണ്ടിനുള്ളിൽ ഒരു ക്ഷേത്രവും കൂടി നിര്‍മ്മിക്കാന്‍ കരാറായതോടെ സമരക്കാര്‍ പിന്‍വാങ്ങി. ഫ്ലാറ്റുയര്‍ന്നു. ചിലര്‍ക്കൊക്കെ ജോലി കിട്ടി. പിന്നീട് അവരില്‍ തന്നെ ചിലരെ പല കാരണങ്ങള്‍ പറഞ്ഞു പിരിച്ചു വിട്ടു. അകത്തു പണി കഴിച്ച  ക്ഷേത്രത്തില്‍ കയറി തങ്ങളുടെ ആരാധന മൂര്‍ത്തിയെ ഒന്ന് തൊഴാന്‍  പോലുമാകാതെ, ഇനിയും നിര്‍മ്മിച്ചു കിട്ടിയിട്ടില്ലാത്ത വീടുകളും പ്രതീക്ഷിച്ച് മതില്‍ക്കെട്ടിനു പുറത്ത് കെട്ടിപ്പൊക്കിയ കൂരകളില്‍ ആ ഗോത്രക്കാരിപ്പോഴും കഴിയുന്നുണ്ട്. 

ലക്ഷ്മി പറഞ്ഞുള്ള അറിവാണ് ഇതൊക്കെയും. വരാന്ത അടിച്ചു വാരി തുടക്കാനായി  നേരത്തെ വന്നു കൊണ്ടിരുന്ന തമിഴത്തിയാണ് ലക്ഷ്മി. ഒരുപാട് സംസാരിക്കുന്ന പ്രകൃതം. അത് കൊണ്ട് തന്നെ ടീച്ചര്‍ക്കും വല്യ പ്രിയമായിരുന്നു അവളെ. തമ്മില്‍ പറയുന്നത് മുഴുവനായും മനസിലാവില്ലെങ്കിലും അവര്‍ക്കിടയില്‍ വിഷയങ്ങള്‍ക്ക്‌ പഞ്ഞമില്ലായിരുന്നു. നാട്ടിലാവുമ്പോൾ പതിനൊന്നു മണിയാവുമ്പോഴേക്കും പുറമ്പണികളൊക്കെ തീര്‍ത്ത് ജാനകി വടക്കോറത്തെ തിണ്ണയിൽ വന്നിരിക്കും. കാപ്പി കുടിക്കൊപ്പം  അവൾ നാട്ടുവിശേഷങ്ങളുടെ പൊതിയഴിക്കും. അതിൽ നിന്നെല്ലാമകലെ ഇവിടെയീ ശ്വാസംമുട്ടിക്കുന്ന ഏകാന്തതയിലേക്കെടുത്തെറിയപ്പെട്ട ടീച്ചർക്ക് ലക്ഷ്മിയൊരു കച്ചിത്തുരുമ്പായിരുന്നു. ടീച്ചറുടെ നല്ലോർമ്മകളിലേക്കുള്ള പൊക്കിൾക്കൊടി.  പെട്ടെന്നൊരു ദിവസമാണ് അവൾ വരാതായത്. അവളെ പുറംപണിയിലേക്ക്‌ മാറ്റിയ കാര്യം മരുമകൾ വലിയ ഉത്സാഹത്തിലാണ്  വന്ന് പറഞ്ഞത്. ജോലിസമയത്ത്‌  അവൾ സംസാരിച്ചു നില്‍ക്കുന്നത് നിരീക്ഷണ ക്യാമറകള്‍ ഒപ്പിയെടുത്ത് ഏജൻസിക്കാരെ അറിയിച്ചു പോലും. അപാർട്ട്മെന്റ് നിവാസികളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ വന്ന ആ വാർത്ത, രണ്ട് ദിവസമായി വീട്ടു ജോലിക്കു വന്ന് തുടങ്ങിയ പെൺകുട്ടി കൂടി കേൾക്കെയാണ് മരുമകൾ വായിച്ചു കേൾപ്പിച്ചത്. കത്തുന്ന വെയിലില്‍ സിമന്‍റ് പാകിയ നിലത്ത് ജോലി ചെയ്യുന്ന ലക്ഷ്മിയെ ബാല്‍കണിയില്‍ നിന്നു നോക്കുമ്പോൾ പലപ്പോഴും കാണാറുണ്ട്. അപ്പോഴൊക്കെയും അകത്തെന്തോ  കൊളുത്തി വലിക്കും പോലെ ടീച്ചര്‍ക്ക് വേദനിക്കും. 

തറ തുടച്ച് വൃത്തിയാക്കുക എന്ന തന്റെ ജോലി അവൾ വൃത്തിയായി തന്നെ ചെയ്തിരുന്നു; അതിലാർക്കും പരാതിയുമില്ല. എന്നാൽ ജോലിക്കിടയിൽ ആളുകളോട് സംസാരിച്ചു എന്നതാണ് കുറ്റം. മിണ്ടിയതൊരു കുറ്റമാവുക, അതിന്റെ പേരിൽ ശിക്ഷിക്കപ്പെടുക. എത്ര തന്നെ ചിന്തിച്ചിട്ടും ടീച്ചർക്കതിന്റെ സാംഗത്യം മനസിലാക്കാനായില്ല. അല്ലെങ്കിലും ഫ്ലാറ്റിലെ മനുഷ്യരുടെ രീതികളൊന്നും തന്നെ ടീച്ചർക്ക് പിടികിട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം മുകളിലത്തെ നിലയിൽ നിന്നുള്ള ബഹളം കേട്ടിട്ടും അനങ്ങാതെ ടി.വി.ക്കു മുന്നിലിരിക്കുന്ന മകനെ ഉന്തിത്തള്ളിയാണ് ടീച്ചർ കാര്യമറിയാൻ പറഞ്ഞ് വിട്ടത്. ഒട്ടും താൽപര്യമില്ലാതെ പോയ മകൻ പെട്ടെന്ന് തന്നെ തിരിച്ചെത്തി. അടുത്തടുത്ത ഫ്ലാറ്റുകാർ തമ്മിലുള്ള പ്രശ്നമാണെന്നാണത്രേ. കാരണമെന്തെന്നോ - ഒരാളുടെ മക്കൾ മറ്റെയാളുടെ ഫ്ലാറ്റിന് മുന്നിലെ വരാന്തയിൽ ബഹളമുണ്ടാക്കി കളിച്ചു. കേട്ടപ്പോൾ ടീച്ചർക്ക് ചിരിയാണ് വന്നത്. 

കോമ്പൗണ്ട് ഗേറ്റ് കടന്നാല്‍ റോഡിനിരുവശത്തുമായി പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ കൂരകളാണ്. ഹോണ്‍ അടിച്ചിട്ടും മാറാതെ റോഡില്‍ കളിക്കുന്ന ചേരിയിലെ കുട്ടികളുടെ മേൽ  മകൻ ചൊരിയാത്ത ശാപവാക്കുകളില്ല. ആ ചേരി ഒഴിപ്പിച്ചു ഫ്ലാറ്റ് നിവാസികള്‍ക്കായി ഒരു പാര്‍ക്ക്‌ നിര്‍മ്മിക്കാന്‍ പോകുന്ന കാര്യം സുഹൃത്ത് പറഞ്ഞപ്പോളുണ്ടായ മകന്റെ അട്ടഹാസം മനുഷ്യരുടേതല്ലെന്ന് പോലും ടീച്ചർക്ക് തോന്നിയിരുന്നു. കൂട്ടിലിട്ട് മാത്രം വളർത്തുന്ന മൃഗങ്ങൾ കണക്കെ നിലം തൊടാതെ, ഫ്ലാറ്റുകളുടെ നാല് ചുവരുകൾക്കുള്ളിൽ പുലരുന്ന മനുഷ്യരും തമ്മിൽ  ഇണക്കമില്ലാത്തവരായി മാറിയിരിക്കണം.

ബാല്‍കണിയില്‍ നിന്നാല്‍ അകലെ റോഡു കാണാം. പരക്കം പായുന്ന വാഹനങ്ങള്‍ കണ്ടപ്പോള്‍ കുണുങ്ങിക്കുണുങ്ങി പായുന്ന മുള്ളന്‍പന്നികളെയാണ് ടീച്ചര്‍ക്ക് ഓര്‍മ്മ വന്നത്. പത്തഞ്ഞൂറ് കിലോമീറ്ററുകള്‍ ഇപ്പുറത്ത്, ഈ ആകാശക്കോട്ടയിലും മുള്ളൻപന്നികള്‍ തന്നെ വിടാതെ പിന്തുടരുന്നതെങ്ങനെയെന്ന് ഓര്‍ത്ത്  കൊണ്ട് ടീച്ചര്‍ കസേരയിലേക്ക് ചാഞ്ഞു.

അന്ന് കാലത്ത് മകനോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ചെറുമകന്‍ സ്കൂള്‍ യൂണിഫോമില്‍ ബാഗും തൂക്കി മുന്നില്‍ വന്നു നിന്നത്. ഒന്നാം ക്ലാസ്സിലായതെയുള്ളു. യൂണിഫോം ധരിക്കുന്നതും സ്കൂള്‍ ബാഗ് ഒരുക്കുന്നതുമെല്ലാം അവൻ തനിച്ചാണ്. മരുമകള്‍ ഏഴു മണിയാവുമ്പോഴേക്കും പോകും. ഹൈസ്കൂള്‍  കാലത്ത് പോലും മകനെ ഒരുക്കി സ്കൂളിലേക്ക് പറഞ്ഞയക്കുന്നതെല്ലാം ടീച്ചർ ഓർത്തു. ഇപ്പോഴത്തെ കുട്ടികള്‍ ചെറുപ്പത്തിലെ തന്നെ മുതിര്‍ന്നവരാകുന്നു.

"അച്ഛാ...നാളെ എനിക്ക് പോര്‍ക്യുപൈന്‍റെ പിക്ചര്‍സ് കൊണ്ടോണം ക്ലാസില്‍"

'പോര്‍ക്യുപൈന്‍' - ടീച്ചറുടെ മെട്രിക്കുലെഷന്‍ ഇംഗ്ലീഷ് പദസമ്പത്തിനു വെളിയിലായിരുന്നു ആ വാക്ക്. മലയാളം മീഡിയങ്കാരനായ അച്ഛനും പിടികിട്ടിയില്ല എന്ന് തോന്നിയിട്ടാവണം തോളില്‍ കിടന്ന ബാഗ്‌ ഊരി താഴെ വെച്ച് ഒരു പുസ്തകം വലിച്ചെടുത്ത് അതിലെ നിന്നും കീറിയെടുത്ത പേജും പെന്‍സിലുമായി അവൻ ടീപ്പോയിലേക്ക് കമിഴ്ന്നു.

താഴെ സ്കൂള്‍ ബസിന്‍റെ ഹോണടി കേട്ടതും പുസ്തകവും പെൻസിലും അവൻ ധൃതിപ്പെട്ട് ബാഗിലാക്കി. വലത് കൈ പ്ലേറ്റിലെക്ക് കുടഞ്ഞിട്ട് , ഇടതു കയ്യില്‍ അവനെയും  തൂക്കി പുറത്തേക്കോടുന്ന മകന് പുറകെ ടീച്ചറും വാതിൽക്കലേക്ക് ചെന്നു. തിരിച്ചു വരുമ്പോൾ ടീപോയില്‍ കിടന്ന പേപ്പർ ടീച്ചർ കുനിഞ്ഞെടുത്തു. ഒരു ചെറിയ വട്ടവും അതിനോട് ചേര്‍ന്ന ഉദയ സൂര്യനെ പോലെ വരകള്‍ തെറിച്ചു നിലക്കുന്ന വലിയ വട്ടവും. അതൊരു മുള്ളന്‍ പന്നിയാണെന്ന് മനസിലാക്കാന്‍ രണ്ടര ദശാബ്ദങ്ങളുടെ ലോവർ പ്രൈമറി  അധ്യാപന പരിചയമുള്ള ടീച്ചര്‍ക്ക് അധിക നേരം വേണ്ടി വന്നില്ല.

ആദ്യത്തെ മുള്ള് കിട്ടിയ ദിവസം  തൊട്ട്  മുള്ള് ശേഖരണം ടീച്ചര്‍ പതിവാക്കിയിരുന്നു. എഴുത്ത് പെട്ടിയില്‍  മയില്‍ പീലിയും പരുന്തിന്‍ തൂവലും വെച്ച നീണ്ട അറയിലാണ് മുള്ളുകള്‍ സൂക്ഷിച്ചത്. അതേതാണ്ട് നിറയാറായിട്ടും തനിക്കു ദർശനം നിഷേധിക്കുന്ന മുള്ളന്‍പന്നിയോട് അവര്‍ രഹസ്യമായി പരിഭവപ്പെട്ടിരുന്നു. നാട്ടിലപ്പോള്‍ മുള്ളന്‍ പന്നിയാണ് സംസാര വിഷയം. ചായക്കടയില്‍, കുളക്കടവില്‍, കല്യാണ-മരണ വീടുകളിൽ തുടങ്ങി ആളുകൾ കൂട്ടുന്ന എല്ലായിടത്തും. ഒരു  ശനിയാഴ്ച്ച, അമ്പലത്തിലെ പ്രഭാഷണം കഴിഞ്ഞുള്ള ഭക്തകളുടെ പതിവ് പഞ്ചായത്തില്‍ നിന്നാണ് മുള്ളന്‍പന്നിയുടെ മര്‍മ്മം മൂക്കിലാണെന്നും അതിനാല്‍ മൂക്ക് എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ച് മുള്ളുകള്‍ മുഴുവന്‍ വിടര്‍ത്തിയാണ് അത് ആക്രമിക്കാന്‍ തയ്യാറാവുക എന്നും ടീച്ചര്‍  മനസിലാക്കിയത്. അന്ന് സന്ധ്യക്ക്, വീട്ടിലേക്കുള്ള ഇടവഴിയിലായിരുന്നു ടീച്ചർ. കൈയ്യിലെ ബ്രൈറ്റ്ലൈറ്റ് ടോര്‍ച്ച് വിരിക്കുന്ന തൂവെള്ള വെട്ടത്തിന്‍റെ  പാതയറ്റത്ത് മുള്ളുകള്‍ വിടര്‍ത്തി നില്‍ക്കുകയാണ് ഒരു മുള്ളന്‍പന്നി. ഒരലര്‍ച്ചയോടെ പുറകോട്ട് വീണു പോയെങ്കിലും, കുണുങ്ങിക്കുണുങ്ങി ഇരുട്ടിലേക്ക് ഓടി മറയുന്നവനെ ആ കിടപ്പിൽ ടീച്ചര്‍ വ്യക്തമായി കണ്ടതാണ്.

ചിറകടി ശബ്ദം കേട്ടാണ് ടീച്ചര്‍ ഞെട്ടിയുണർന്നത്. ബാല്‍കണിയുടെ തുറന്ന ഭാഗത്ത് വലിച്ചു കെട്ടിയ പ്ലാസ്റ്റിക്‌ വലയില്‍ കാല്‍ കൊരുത്ത്  തൂങ്ങിക്കിടന്ന് നിര്‍ത്താതെ ചിറകടിക്കുന്ന പ്രാവ് തന്നോടെന്തോ ചോദിക്കുന്നത് പോലെ ടീച്ചര്‍ക്ക്‌ തോന്നി. തുറിച്ചു നോക്കുന്ന  ചുകന്ന കണ്ണുകളിലേക്ക് നോക്കാനാവാതെ അവര്‍ തല താഴ്ത്തി. അല്പ നേരമങ്ങനെ തൂങ്ങി നിന്ന ശേഷം അത് പറന്നു പോയി. കഴിഞ്ഞാഴ്ചയാണ്  ബാല്‍കണിയുടെ മുന്‍വശം പ്രാവ് കയറാത്ത വിധം മകന്‍ നെറ്റടിപ്പിച്ച് മറച്ചത്. 

നാട്ടില്‍ നിന്നും പോരുമ്പോള്‍ ചെടികളെടുത്ത് വെക്കുന്നത് കണ്ട്, "ഇതൊക്കെ നടാനുള്ള മണ്ണും കൂടെയെടുത്തോളു" എന്ന് മകന്‍ പറഞ്ഞത് തമാശയാണെന്നാണ്  കരുതിയത്. തുളസിത്തൈ മാത്രമെടുക്കാനാണ് കരുതിയത്. തൊട്ടടുത്ത  മാസം വരുന്ന ഓണത്തിന് നാട്ടിലേക്ക് വരവുണ്ടാവില്ലെന്ന് മകൻ തീർത്ത് പറഞ്ഞതോടെയാണ് രണ്ട് മെരട് തുമ്പയും കൂടിയെടുത്തത്. ഇവിടെയെത്തിയ അന്ന് തന്നെ ചെടികള്‍ മാറ്റി നടാനുള്ള ചട്ടികള്‍ മകനെ കൊണ്ട് വാങ്ങിപ്പിച്ചതാണ്.  എന്നാല്‍ സിമന്റ് കട്ടകള്‍ പാകിയ മുറ്റത്ത് ചട്ടികളിൽ നിറക്കാനുള്ള മണ്ണ് അന്വേഷിച്ചു നടന്ന് ടീച്ചര്‍ നിരാശയായി. ഒടുവിലെവിടുന്നോ  സിമന്റും മണലും കലര്‍ന്ന പൊടി സഞ്ചിയിലാക്കി കൊണ്ട് കൊടുത്തത് മലയാളിയായ ഒരു സെക്യൂരിറ്റിക്കാരനാണ്. എത്ര തന്നെ നന്നായി നനച്ചിട്ടും ചെടികൾ രണ്ടു ദിവസത്തിനകം  വാടിക്കരിയുകയും ചെയ്തു. അങ്ങനെ കാലിയായി കിടന്ന ചട്ടിയിലൊന്നിലാണ് ആ പ്രാവ് വന്നു മുട്ടയിട്ട്  അടയിരുന്നത്. അതു കണ്ടതും മകന്‍ സെക്യൂരിറ്റിയെ വിളിച്ച് മാറ്റാന്‍ വേണ്ടി പറഞ്ഞതാണ്. എന്നാല്‍ അടയിരിക്കുന്ന പ്രാവിനെ മാറ്റണ്ട എന്ന് ടീച്ചര്‍ പറഞ്ഞതിനെ സെക്യൂരിറ്റിക്കാരനും പിന്തുണച്ചു. അതോടെയാണ്  മകൻ പിന്‍വാങ്ങിയത്. എന്നാൽ മുട്ടകള്‍ വിരിഞ്ഞാല്‍ അന്ന് തന്നെ എടുത്ത് കളയാന്‍ സെക്യൂരിറ്റിക്കാരനെ ഏര്‍പ്പാടാക്കി. 

രണ്ടു മുട്ടകളാണത്രെ പ്രാവ് ഒരു തവണ ഇടുക. സെക്യുരിറ്റിക്കാരനാണ് പറഞ്ഞത്. രണ്ടാഴ്ച്ചയോളം എടുക്കും മുട്ടകള്‍ വിരിയാന്‍. അന്ന് തൊട്ട് ടീച്ചര്‍ക്കതൊരു ദിനചര്യയായി. രാവിലെ ചെന്ന് മുട്ടകൾ നോക്കും. പ്രാവിനുള്ള അരിമണികളും വെള്ളവും പാത്രത്തിലാക്കി വെക്കും. മടുപ്പിക്കുന്ന ആവര്‍ത്തനങ്ങൾക്ക്  താൽക്കാലികമായെങ്കിലും ഒരറുതി വന്നതിൽ ടീച്ചര്‍ക്ക്‌ ആശ്വാസം തോന്നി. രണ്ടാഴ്ച കഴിഞ്ഞാണ് ഒരു മുട്ടയില്‍ വര വീണത്. വലിയ സന്തോഷത്തോടെയാണ് ടീച്ചറത് എല്ലാവരെയും വിളിച്ചു കാണിച്ചത്. വിരിഞ്ഞാല്‍ പിന്നെ വേഗം  എടുത്ത് കളയാമല്ലോ എന്ന് മകന്‍ ആശ്വസിച്ചു.   പ്രാവിന്‍ കാഷ്ഠത്തിന്‍റെ അസഹനീയമായ നാറ്റത്തെ പറ്റിയായിരുന്നു മരുമകളുടെ പരാതി. ചെറുമകനാകട്ടെ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്കിടയില്‍ നിന്നിറങ്ങാൻ  നേരമുണ്ടായിരുന്നില്ല. രണ്ടു ദിവസത്തിനകം മുട്ടകള്‍ രണ്ടും വിരിഞ്ഞു. അമ്മ പ്രാവ് കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണം കൊക്കില്‍ വെച്ച് കൊടുക്കുന്നതും,  ഇനിയും തൂവലുകൾ മുളച്ചിട്ടില്ലാത്ത കുഞ്ഞു ചിറകുകള്‍ വിരിക്കാന്‍ അവറ്റ ശ്രമിക്കുന്നതുമെല്ലാം ടീച്ചര്‍ കണ്ടാസ്വദിക്കുമ്പോഴാണ് നെറ്റടിക്കാനായി മകന്‍ ഏര്‍പ്പാടാക്കിയവരെത്തിയത്. ടീച്ചര്‍ അകത്തെ മുറിയിലേക്ക് മാറിക്കളഞ്ഞു. അമ്മപ്രാവിന്റെ നിലക്കാത്ത ചിറകടി ശബ്ദം  കേൾക്കാനാവാതെ അവർ ചെവികൾ പൊത്തി.  

മുറിയിലേക്ക് നടക്കുന്ന ടീച്ചറുടെ കയ്യില്‍ ചെറുമകന്‍ വരച്ചിട്ട ആ കടലാസ്സുണ്ടായിരുന്നു. ആ ചിത്രത്തിലേക്ക് നോക്കി കൊണ്ട് ടീച്ചര്‍ കിടന്നു. പുതിയ രീതിയിലുള്ള  പാഠ്യ പദ്ധതികൾ വരും മുന്‍പേ തന്നെ ചിത്രങ്ങള്‍ വരച്ച ചാര്‍ട്ടുകളുമായി കുട്ടികളെ പഠിപ്പിച്ച ആളാണ്‌ ടീച്ചര്‍. ടീച്ചർ വരച്ച ചിത്രങ്ങള്‍ വീടു നിറയെ തൂക്കിയിരുന്നു. നേരിട്ട് അഭിനന്ദിക്കാറില്ലെങ്കിലും,  ഉമ്മറച്ചുമരിനെ അലങ്കരിക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രം ചൂണ്ടി വരുന്നവരോടൊക്കെ അഭിമാനത്തോടെ ഗോപാലന്‍ നായര്‍ പറയും : "അകത്തുള്ളാള്‍ വരച്ചതാ... നല്ലോണം വരയും." അത് കേള്‍ക്കുമ്പോള്‍ ടീച്ചരുടെ ഉള്ളം നിറയും. വീടിനെ കുറിച്ചോര്‍ത്തപ്പോൾ ടീച്ചറുടെ അകം പൊള്ളി. മറവിയുടെ മച്ചിമ്പുറത്ത് ബഹളമുണ്ടാക്കി  ഓടി നടക്കുന്ന കുറേ ഓർമ്മകൾ. 

പറയത്തക്ക അസുഖമൊന്നുമുണ്ടായിരുന്നില്ല. മോട്ടോര്‍ വെച്ചിട്ടുണ്ടെങ്കിലും കിണറ്റിൽ നിന്നും കോരിയെ കുളിക്കൂ. കുളിച്ച് ബാക്കി വന്ന വെള്ളം ചെപ്പു കുടത്തില്‍ നിറച്ചു വാഴകള്‍ക്ക് നനച്ചു തിരിച്ചു വരികയായിരുന്നു. "വസൂ.........." എന്ന കാലപ്പഴക്കമുള്ള വിളി കേട്ടാണ് ടീച്ചര്‍ ഓടി  ചെന്നത്. കിണറിന്റെ പടിയില്‍ മലര്‍ന്നു കിടക്കുന്നു. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഒസ്യത്ത് പ്രകാരം വീട് മകനായതിനാല്‍ അമ്മയെ ഏറ്റെടുക്കാൻ പെൺമക്കൾ തയ്യാറായില്ല. ഇണക്കങ്ങളേക്കാളേറെ പിണക്കങ്ങളായിരുന്നെങ്കിലും ഭർത്താവ് പോയതോടെ ആർക്കും വെച്ച് തട്ടാവുന്ന പന്തായി താൻ മാറിയെന്ന് ടീച്ചർക്ക് ബോധ്യമായി. നാല്‍പ്പത്തൊന്നു കഴിഞ്ഞ് അമ്മയെ ബാംഗ്ലൂരേക്ക് കൊണ്ട് പോവുമ്പോഴേക്കും പഴയ വീട് പൊളിച്ചു പണിയാന്‍ മകൻ ഏര്‍പ്പാട് ചെയ്തിരുന്നു. ഇവിടെയെത്തി രണ്ടാഴ്ചക്കു ശേഷം കിട്ടിയ ജാനകിയുടെ കത്തില്‍ വീട് പൊളിച്ച് നിരപ്പാക്കിയെന്ന് എഴുതിയിരുന്നു. പുതിയ വീടിനു തറയിട്ട് കാണണം. തന്‍റെ എഴുത്ത് പെട്ടിയും ഭര്‍ത്താവിന്റെ ചാര് കസേരയും മാത്രമാണ് ടീച്ചറിങ്ങോട്ട് കൊണ്ട് വന്നത്. ഫാറ്റിലാവുമ്പോൾ അത് തന്നെ സ്ഥലം മുടക്കാണെന്നായിരുന്നു മകന്റെ അഭിപ്രായം. 

ടൈൽസ് പാകിയ നിലത്തിരുന്ന് മുന്നിലെ  എഴുത്ത് പെട്ടിയില്‍ ടീച്ചറാ വെള്ള  പേപ്പര്‍ നിവര്‍ത്തി വെച്ചു. പെട്ടിക്കുള്ളിൽ നിന്നും തപ്പിയെടുത്ത തേഞ്ഞ വര്‍ണ്ണ പെന്‍സിലുകള്‍ കൊണ്ട് അവര്‍ വരച്ച് തുടങ്ങി. ഒരിക്കല്‍ മാത്രം കണ്ട രൂപം മനസ്സിൽ നിറച്ചു. വൈകിട്ട് ചെറുമകന്‍ വരുമ്പോഴേക്കും മുള്ളന്‍പന്നിയുടെ വർണ്ണച്ചിത്രം കാണിച്ച് അവനെ അതിശയിപ്പിക്കണം. പെട്ടിയുടെ അറയില്‍ നിന്നെടുത്ത ഒരു മുള്ള് അരികില്‍ തന്നെയുണ്ട്.

കാളിങ്ങ് ബെല്ലടിച്ചു. എത്ര നേരമങ്ങനെ മയങ്ങി എന്നറിയില്ല. ചെറുമകനാവണം. ഭക്ഷണം പോലും കഴിക്കാന്‍ മറന്നിരിക്കുന്നു. മുള്ളുകള്‍ വിടര്‍ത്തി നിക്കുന്ന മുള്ളന്‍ പന്നിയുടെ ചിത്രം പുറകിലൊളിപ്പിച്ച്  അവര്‍ വാതിലക്കലേക്ക്  നടന്നു.

വാതില്‍ തുറന്നതും ഓടിക്കയറിയ ചെറുമകന്‍ ബാഗിൽ നിന്നും വലിച്ചെടുത്ത  ടാബ് അവര്‍ക്ക് നേരെ നീട്ടി.

"കണ്ടോ അച്ചമ്മേ...ഞാന്‍ ഗൂഗിള്‍ ചെയ്തെടുത്ത പിക്ചെഴ്സ്...ഇത് ചുമ്മാ പ്രിന്‍റ് എടുത്തു കൊടുത്താ മതിയത്രേ..."

പല വലുപ്പത്തിലും തരത്തിലുമുള്ള മുള്ളന്‍ പന്നികള്‍ നിറഞ്ഞ സ്ക്രീനില്‍ നിന്നും വമിക്കുന്ന വര്‍ണ്ണങ്ങളില്‍ നിന്നും തന്‍റെ നിറം മങ്ങിയ ചിത്രത്തെ ഒളിപ്പിക്കാനായി പരക്കം പായുകയായിരുന്നു ടീച്ചറപ്പോള്‍.

അയൺ മാൻ

മോണിങ്ങ് അസംബ്ലിയിൽ നിന്നും ലോഗോഫ് ചെയ്ത്, ഉപ്പ്മാവും ചായയുമായി ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നപ്പോഴാണ് കാളിങ്ങ് ബെല്ലടിച്ചത്.

എണീക്കാതെ വേറെ വഴിയില്ല.

ഉച്ച വരെ തുടരെ മീറ്റിങ്ങുകളാണെന്ന് മുൻകൂറായി പറഞ്ഞിട്ടാണ് ഭാര്യ മാസ്റ്റർ ബെഡ്‌റൂമിനകത്ത് കയറി വാതിലടച്ചത്. രണ്ടാമത്തേ റൂമിലുള്ള മകൾക്കിത്  രണ്ടാം പിരിയേഡാവും. കാര്യമായ മീറ്റിങ്ങുകളാെന്നുമില്ലാത്തതിനാൽ, ഡൈനിങ് ടേബിളാണ് ഇന്നത്തെ എന്റെ ഓഫീസ് സ്പേസ്. 

വർക്ക്-ഫ്രം-ഹോമും ഓൺലൈൻ ക്ലാസും "ന്യൂ-നോർമൽ" ആയതോടെ, രണ്ടു മുറി ഫ്ലാറ്റിനെ, ആവശ്യാനുസരണം, ഓഫീസും സ്കൂളും വീടുമായി മുറിച്ചും കൂട്ടിയുമുപയോഗിക്കുകയാണ് ഞങ്ങൾ മൂവരും.

ഡോർ ബെൽ വീണ്ടും ശബ്ദിച്ചു.

വാതിലിന്റെ സെക്യൂരിറ്റി ക്യാമറാ സ്ക്രീനിൽ തെളിഞ്ഞ ബ്ലാക്ക് ആൻഡ് വൈറ്റ് മുഖം രാജ്കുമാറിന്റേതാണ്.

ഞാൻ വാതിൽ തുറന്നപ്പോൾ അവൻ രണ്ടടി പുറകോട്ട് മാറി നിന്ന്, മാസ്ക് സ്വൽപം കൂടി ഉയർത്തി വെച്ച്, ഭവ്യത പ്രകടിപ്പിച്ചു.

"സാബ്...അയൺ മാനാണ്" 

- മാസ്കിട്ടത് കാരണം എനിക്ക് മനസിലായില്ലെന്ന് കരുതിയാവണം; അവൻ സ്വയം പരിചയപ്പെടുത്തി. 

'അയൺ മാൻ'  - അപാർട്ട്മെന്റിലെ തേപ്പുകാരന് രസികനായ ഏതോ റസിഡന്റിട്ട പേര് രാജ്കുമാറിനും ബോധിച്ച മട്ടാണ്.

ലോക്ഡൗൺ പിൻവലിച്ച ശേഷവും, ഡെലിവെറി ബോയ്സും വിരുന്നുകാരും ജോലിക്കാരുമുൾപ്പടെ പുറത്ത് നിന്നുള്ളവരെ അപാർട്ട്മെന്റ് കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുന്നതിലുള്ള വിലക്ക് തുടരാനാണ് അസോസിയേഷൻ തീരുമാനമെന്ന് ഇന്നലെ വാട്ട്സാപ്പ് ഗ്രൂപ്പിൽ കണ്ടിരുന്നു. പിന്നെ, ഇയാളെങ്ങനെ അകത്ത് കയറിയാവോ?

"ഇസ്തിരിപ്പെട്ടിയും മറ്റ് ചില സാധനങ്ങളും എടുക്കാനുണ്ടെന്നും പറഞ്ഞ് പ്രത്യേക പെർമിഷനെടുത്ത് കയറിയതാണ്"

- എന്റെ ചിന്തയെ  വായിച്ചെടുത്ത പോലെ; കുമാർ വിശദീകരിച്ചു.

ജോലിക്ക് വരുന്നില്ലെങ്കിലും, മെയ്ഡിന്റെ ശമ്പളം ഞങ്ങൾ മുടക്കിയിരുന്നില്ല. ഈ മെട്രോ നഗരത്തിൽ, അത്യാവശ്യം പൊരുത്തപ്പെട്ട് പോവാൻ സാധിക്കുന്ന ഒരു ജോലിക്കാരിയെ കണ്ടെത്താനുള്ള വൈഷമ്യം എന്ന സ്വാർത്ഥതയെ, ദുരിതകാലത്ത് സഹജീവിയോടുള്ള കരുതൽ എന്ന  നന്മയാൽ ഞങ്ങൾ വിദഗ്ധമായി മറച്ചു പിടിച്ചു.

പക്ഷെ കുമാറിന്റെ കാര്യമങ്ങനെയല്ല; അയാൾ മാസ ശമ്പളക്കാരനല്ല. പതിവുകാരിൽ ചിലർ, ഇസ്തിരിയിട്ടതിന്റെ കൂലി മാസം കൂടുമ്പോൾ ഒരുമിച്ചാണ് നൽകുകയെങ്കിലും അയാളുടെ വരുമാനത്തിന് സ്ഥിരതയില്ല. ചെയ്യുന്ന പണിക്കനുസൃതമാണ് അയാളുടെ കൂലി. അടച്ചിടൽ കാലത്ത് ഇസ്തിരിയിടലൊരു അവശ്യ സേവനമല്ലാതായതോടെ കുമാറിന്റെ വരുമാനവും മുടങ്ങി. പൂട്ട് പാതി തുറന്നെങ്കിലും, അസോസിയേഷൻ കനിയാത്തത് കൊണ്ട്  ഉടനെയൊന്നും അയാൾക്ക് ജോലിക്ക് വരാനാകില്ല. പിന്നെ പുതിയ ഇസ്തിരിക്കാരെ കിട്ടാൻ അത്രയൊന്നും പ്രയാസമില്ലല്ലോ. അത് കൊണ്ട് ചെയ്യാത്ത ജോലിക്ക് അയാൾക്ക് കൂലിയുമില്ല.

രാജ്കുമാർ ശരിക്കും ബംഗാളിയാണ്. അയാളുടെ ഏതോ തലമുറയിൽപ്പെട്ടവരെ, ബീജാപ്പൂർ സുൽത്താൻമാരുടെ കാലത്ത്, കരിമ്പ് പാടങ്ങളിലേക്ക് പണിക്ക് കൊണ്ട് വന്നതാണത്രേ. പിൽക്കാലത്ത്, അയാളുടെ അപ്പൂപ്പനടങ്ങുന്ന ഒരു സംഘം പണിയന്വേഷിച്ചു കോളാർ സ്വർണ്ണഖനിയിലേക്ക്  പുറപ്പെട്ടു പോയതാണ്. പക്ഷെ, അവരുടെ യാത്ര ബംഗളുരുവിൽ അവസാനിച്ചു. പിന്നീട് രാജ്കുമാർ ജനിച്ചപ്പോൾ, സിനിമാ നടൻ രാജ്കുമാറിന്റെ കടുത്ത ആരാധകനായ അയാളുടെ അച്ഛൻ, അദ്ദേഹത്തിന്റെ പേരും നൽകി. അങ്ങനെ ഊരും പേരും കൊണ്ട് രാജ്കുമാർ ഇവിടുത്തുകാരനായി.

- ഇസ്തിരിയിട്ട തുണി വാങ്ങാനായുള്ള കാത്തു നിൽപിനിടയിൽ പലവട്ടം കേട്ടു പഴകിയ കഥയാണ്.

തേക്കാനുള്ള തുണി കുമാർ വീട്ടിൽ വന്നു വാങ്ങിക്കും. തേച്ചു കഴിഞ്ഞാൽ തിരിച്ചു കാെണ്ട് തരികയും ചെയ്യും. അതാണ് പതിവ്. എന്നാലും, അപാർട്ട്മെന്റിന്റെ ബേസ്മെന്റിലെ കാറ്റും വെളിച്ചവുമെത്താത്ത, അയാളുടെ കുടുസ്സു മുറിയിലേക്ക് ഞാൻ ഇടയ്ക്കൊക്കെ പോകാറുണ്ട്. 

വീട്ടിൽ പണ്ട് കനലുപയോഗിക്കുന്ന ഇസ്തിരിപ്പെട്ടി ഉണ്ടായിരുന്നു. അടുപ്പിൽ ചിരട്ടകൾ കൂട്ടിയിട്ട് ചിമ്മിണി ഒഴിച്ച്  കത്തിക്കും. കനലുകൾ കാെടിലു കാെണ്ടെടുത്ത് പെട്ടിയിലിടും. പെട്ടിക്ക് ചൂട് അധികമാണെങ്കിൽ, മുറിച്ച വാഴയിലയിൽ കയറ്റി വെച്ച് രണ്ട് മൂന്ന് തവണ ശീ...ശീ... കേൾപ്പിക്കണം. എത്ര തന്നെ ശ്രദ്ധിച്ചാലും, തൂവെള്ള യൂണിഫോം ഷർട്ടിൽ വീഴുന്ന കരിക്കട്ട പൊടികൾ...

- ഒരു വലിയ ഇസ്തിരിപ്പെട്ടി പാേലെ ചുട്ടുപൊള്ളുന്ന ആ മുറിയിൽ ചെന്ന് നിൽക്കുമ്പോൾ, ഇങ്ങനെ കുറെ ഇസ്തിരിപെട്ടിയോർമ്മകൾ തികട്ടി വരും. ഈ മഹാനഗരത്തിൽ നിന്നും, എന്റെ ഭൂതകാലമുറങ്ങുന്ന നാട്ടിൻപുറം വരെ നീളുന്ന ഓർമ്മകളുടെ ഊടുവഴികൾ വിരളമാണ്. ഭാര്യ കളിയാക്കുന്നത് പാേലെ, ഒരൽപം നാെസ്റ്റാൾജിയത്തിന്റെ അസുഖമുള്ള കൂട്ടത്തിലാണ് ഞാൻ.

ചെവിക്കു പിന്നിൽ ചൊറിഞ്ഞു കൊണ്ട്, മുന്നോട്ടൽപം വളഞ്ഞാണ് കുമാറിന്റെ  നിൽപ്; ആവശ്യക്കാരന്റെ സ്ഥായീഭാവം. 

അയാളോട് ഒരു നിമിഷം നിൽക്കാൻ പറഞ്ഞ് ഞാൻ അകത്തേക്ക് പോയി.

മകളുടെ ലാപ്പ്ടോപ് സ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്ന ടീച്ചറുടെ കണ്ണിൽ പെടാതെ പോയി അലമാര തുറന്നു. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ഉടനെ, ഡോർ സ്റ്റൈപ്പ് ബാങ്കിങ്ങിന്റെ സാധ്യത ഉപയോഗപ്പെടുത്തി സംഘടിപ്പിച്ച അഞ്ഞൂറിന്റെ ഒരു കെട്ട് അതേ പോലിരിക്കുന്നു. സാധുവായ നോട്ടാണെങ്കിലും വൈറസിനെ പേടിച്ച് മിക്കവരും കൈ കൊണ്ട് തൊടാൻ മടിക്കുന്നു. സകലർക്കും ഗൂഗിൾ-പേ, ഫോൺ-പേ അതുമല്ലെങ്കിൽ പേടീയെം മതി. ഏതായാലും, ഡിജിറ്റൽ ബാങ്കിങ്ങിനെ ജനകീയമാക്കാൻ നോട്ട് നിരോധനത്തിന് സാധിച്ചില്ലെങ്കിലും, കോവിഡ് അക്കാര്യത്തിൽ വിജയിച്ചിട്ടുണ്ട്. കെട്ടിൽ നിന്നും രണ്ട് നോട്ട് ഞാൻ വലിച്ചെടുത്തു. 

"അയ്യോ സാബ്... ഇതിനല്ല "

ഞാൻ നീട്ടിയ നോട്ടുകൾ വാങ്ങാതെ അയാൾ വീണ്ടും തല ചൊറിയുന്നു.

"ഓഫീസിൽ പോകാൻ തുടങ്ങിയില്ലല്ലോ. അത് കൊണ്ട് ഇസ്തിരിയിടാൻ ഡ്രസ് ഒന്നുമില്ല."

"അതറിയാം സാബ്... പിന്നെ..ഞാൻ വന്നത്... അത്.." 

"എന്താണ്...പിന്നെ...പറയു"

എന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

"അത്..സാബ്...മോൾക്ക് ഇപ്പോൾ മൊബൈലിലാണ് ക്ലാസ്. ഇത് വരെ എന്റെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. പക്ഷെ, അതിപ്പോ ഇങ്ങനെയായി" 

എന്റെ മുഖത്തിന് നേരെ നീട്ടിപ്പിടിച്ച ആ  മൊബൈലിന്റെ കറുത്ത സ്ക്രീൻ, എട്ടുകാലി വല നെയ്ത പോലെ, ചിന്നിച്ചിതറിയിരുന്നു.   

"ലോക്ഡൗണിന്റെ സമയത്ത് പണി അന്വേഷിച്ചിറങ്ങിയപ്പോൾ പോലീസ് ഓടിച്ചതാ."

- അയാൾ വേദനിച്ച് ചിരിക്കുന്നു.

ഒരു പഴയ ഫോണിരിപ്പുണ്ട്. മെമ്മറി കുറഞ്ഞതിനാൽ ഹാങ്ങായി തുടങ്ങിയപ്പോൾ പുതിയതൊന്ന് വാങ്ങിയിരുന്നു; വേറെ തകരാറൊന്നുമില്ലാത്തതാണ്. അത് തപ്പിയെടുക്കണം.

"ഓക്കെ ... അത് ശരിയാക്കാം.. കുമാർ പോയിട്ട് ശനിയാഴ്ച്ച വാ "

അയാൾ തൊഴുതു മടങ്ങി.

പഴയ മൊബൈൽ കുമാറിന് കൊടുക്കുന്നതിൽ ഭാര്യക്ക് സന്തോഷമേ കാണൂ. ആഗോളതാപനമെന്നൊക്കെ കേട്ടാൽ പൊള്ളുന്ന കൂട്ടത്തിലാണ് കക്ഷി.  പുതിയ ഫോൺ വാങ്ങുമ്പോൾ, എക്സ്ചേഞ്ച് ഓഫറിൽ, പഴയതിന്  വെറും ആയിരം രൂപയേ കിട്ടുവെന്നറിഞ്ഞതോടെ ഞാൻ കൊടുക്കാതിരുന്നതാണ്. ഇ-വേസ്റ്റെന്നൊക്കെ പറഞ്ഞ് അവളന്ന് കുറെ ക്ലാസെടുത്തിരുന്നു.  ഇപ്പാേഴേതായാലും മറ്റൊരാൾക്ക് ഉപകാരമാവുമല്ലോ.

അടുത്ത ശനിയാഴ്ച്ച കുമാർ വന്നപ്പോഴാണ്  മൊബൈലിന്റെ കാര്യം ഞാൻ പിന്നീടോർക്കുന്നത്. കാര്യമായ തിരച്ചിൽ നടത്തിയിട്ടാണ് സാധനം കിട്ടിയത്. കുറച്ച് നേരം ചാർജിലിട്ട്, ഫാക്ടറി റീസെറ്റ് ചെയ്ത ശേഷം, തിരിച്ചു തരേണ്ടെന്ന് പറഞ്ഞിട്ടാണ് അയാൾക്ക് കൊടുത്തത്. 

അഞ്ചരയിഞ്ച് സ്ക്രീൻ സൈസുള്ള ആ ഫോണിനെ, രണ്ട് കൈയ്യും ചേർത്ത് പിടിച്ച്, ഒരു കുഞ്ഞിനെയെന്ന പോലെയാണ് അയാൾ ഏറ്റുവാങ്ങിയത്. നന്ദി പറഞ്ഞ്, അൽപദൂരം നടന്ന ശേഷം അയാൾ തിരിച്ചു വന്നു.

"സാബ്, ഒന്നു ചോദിക്കട്ടെ. ഇതിന് എത്ര വില കാണും"

ഞാൻ ചിരിച്ചു.

"എത്രയായാലും തരാനിപ്പോ കൈയ്യിലില്ല. പക്ഷെ, അത്രയും തുകയാവുന്നത് വരെ നിങ്ങളുടെ വസ്ത്രങ്ങൾ ഞാൻ സൗജന്യമായി തേച്ചു തരും. ദയവു ചെയ്ത് വേണ്ടെന്ന് പറയരുത്. "

വസ്ത്രമാെന്നിന് അഞ്ചു രൂപ മാത്രം ഈടാക്കുന്ന അയാൾ ആ കടം വീട്ടാൻ എത്ര കാലമെടുക്കുമെന്നാണ് പെട്ടെന്നാേർത്തതെങ്കിലും, ഞാൻ തലയാട്ടി.

പിന്നെ കുറെ കാലത്തേക്ക് അയാളെ കണ്ടില്ല. കേസുകൾ കുറഞ്ഞതോടെ അപാർട്ട്മെന്റിലും ഇളവുകൾ കൂട്ടി. വീട്ടു ജോലിക്കാരികൾ വന്നു തുടങ്ങി. ഡെലിവറി ബോയ്സ് ഗേറ്റിൽ നിന്നും റിസപ്ഷനിലേക്കും പിന്നെ വാതിൽക്കലേക്കും എത്തി തുടങ്ങി. എന്നിട്ടും, ഇസ്തിരിയിടാൻ വസ്ത്രമുണ്ടോ എന്നന്വേഷിച്ച് കുമാർ മാത്രം വന്നില്ല. വർക്ക്-ഫ്രം-ഹോം തുടരുന്നതിനാൽ ഞാൻ അന്വേഷിച്ചതുമില്ല.

ആറു മാസങ്ങൾക്ക് ശേഷമാണ് അയാളുടെ മുഖം വീണ്ടും വാതിൽക്കലെ ക്യാമറാ സ്ക്രീനിൽ തെളിഞ്ഞത്. ഒറ്റ നോട്ടത്തിൽ എനിക്കയാളെ തിരിച്ചറിയാനായില്ല; മുഖം അത്രമേൽ മാറിപ്പോയിരുന്നു.

വാതിൽ തുറന്നപ്പോഴും, അയാൾ അനങ്ങാതെ തല കുമ്പിട്ട് നിൽക്കുകയായിരുന്നു. തിങ്ങി വളർന്ന ചെമ്പൻ മുടിയും അയഞ്ഞ ഷർട്ടും  അയാളുടെ രൂപം കൂടുതൽ മെല്ലിച്ചതാക്കി.

"കുമാർ" - ഞാൻ വിളിച്ചു.

അനക്കമില്ല; എനിക്കു സംശയമായി.

"അ... അയൺമാനല്ലേ.."

തീരെ പതിയെ മുഖമുയർത്തിയെങ്കിലും, അയാളുടെ കണ്ണുകൾ എന്റെ മുഖത്ത് പതിയുന്നുണ്ടായിരുന്നില്ല. പോക്കറ്റിൽ നിന്നുമെടുത്ത പൊതി അതീവ ശ്രദ്ധയോടെ അയാളെനിക്കു നീട്ടി.

"ഇതെന്താണ്...ഓ...മൊബൈലാണോ"

അയാൾ വീണ്ടും തല കുനിച്ചു നിൽക്കുകയാണ്.

വാക്കു തന്ന പോലെ, കടം വീട്ടാഞ്ഞതിലുള്ള വിഷമമാവും അയാൾക്കെന്നെനിക്ക് തോന്നി.

"എന്താ മോളുടെ ഓൺലൈൻ ക്ലാസൊക്കെ കഴിഞ്ഞാേ? ഇതിനി മടക്കി വേണ്ടെന്ന് അന്നേ പറഞ്ഞതല്ലേ. മോൾക്ക് തന്നെ കാെടുത്തോളു. ഇനിയും ആവശ്യമുണ്ടാകും. പണത്തിന്റെ കാര്യമൊന്നും ഇപ്പോഴോർക്കേണ്ട കുമാർ"

ഞാൻ പൊതി അയാൾക്ക് നേരെ നീട്ടി.

"വേണ്ട സാബ്..ഇനിയവൾക്കിത് ആവശ്യമില്ല."

അയാളുടെ നേർത്ത ശബ്ദം ചിലമ്പിച്ചിരുന്നു. 

എന്താണ് പറ്റിയതെന്നറിയാനുള്ള എന്റെ നിർബന്ധത്തിന് മുന്നിൽ, അത്രയും നേരം അയാൾ അടക്കിപ്പിടിച്ചു വെച്ചതൊക്കെ അണപൊട്ടിയാെഴുകി.

ബാംഗ്ലൂരിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടിയതോടെയാണ് ജോലിയന്വേഷിച്ച് കുമാർ ബീജാപൂരേക്ക് പോയത്. അവിടെ, കരിമ്പ് വിളവെടുപ്പ്  കാലമായിരുന്നതിനാൽ ബന്ധുക്കളുടെ സഹായത്തോടെ ജോലി കിട്ടി. മാസം തികഞ്ഞപ്പോൾ കൂലി കിട്ടിയെങ്കിലും, ബാങ്കുകൾ കൃത്യമായി പ്രവർത്തിക്കാത്തത് കാരണം വീട്ടിലേക്ക് കാശയക്കാൻ അയാൾക്ക് സാധിച്ചിരുന്നില്ല. വീട്ടിലാണെങ്കിൽ ഭക്ഷണത്തിനുള്ള സാധനങ്ങൾ മുഴുവനും തീർന്നിരുന്നു. അയാളുടെ ഭാര്യ എത്ര കേണപേക്ഷിച്ചിട്ടും, പറ്റ് കൂടുതലുണ്ടെന്ന് പറഞ്ഞ്, കടക്കാരൻ സാധനങ്ങൾ കടമായി നൽകിയില്ല.  ഭക്ഷണവുമായി വരുന്ന അമ്മയേയും കാത്ത്, മുറ്റത്ത് തന്നെ വിശന്നിരിക്കുന്ന ഇളയ കുട്ടികൾക്ക് മുന്നിലേക്ക്, കാലി സഞ്ചിയുമായി കയറി ചെല്ലുമ്പോൾ അവരാകെ തകർന്നു പോയിരുന്നു. അപ്പോഴാണ്, മൂത്ത മകൾ പുറത്ത് പോകാൻ തയ്യാറായി ഇറങ്ങി വന്നത്. മൊബൈൽ റീച്ചാർജ്ജ് ചെയ്യാനായി അച്ഛൻ നൽകിയിരുന്ന അമ്പത് രൂപാ നോട്ട് അവൾ ഭദ്രമായി ചുരുട്ടി പിടിച്ചിരുന്നു. ഉണ്ടായതെല്ലാം പറഞ്ഞ ശേഷം, തൽക്കാലം ആ രൂപ തരാൻ അമ്മ ആവശ്യപ്പെട്ടെങ്കിലും, റീച്ചാർജ് ചെയ്തില്ലെങ്കിൽ ക്ലാസ് നഷ്ടപ്പെടുമെന്ന് പറഞ്ഞു അവളത് കൊടുക്കാൻ കൂട്ടാക്കിയില്ല. അങ്ങനെ വഴക്കായി; പിടിവലിയായി. ഒടുവിൽ, ബലമായി പിടിച്ചു വാങ്ങിയ ആ രൂപയ്ക്ക് അരിയും പച്ചക്കറിയുമായി തിരികെ വന്ന അമ്മയ്ക്ക് മുന്നിൽ, പാദസരമണിഞ്ഞ രണ്ട് കാലുകൾ പതിയെ ഇളകിയാടി. 

കേട്ടത് വിശ്വസിക്കാനാകാതെ തരിച്ചു നിന്നു പോയ എന്നോടായി അയാൾ ഇത്രയും കൂടി പറഞ്ഞു :

"സാബ്, ഞാനുമെന്റെ ഭാര്യയും ദിവസവും ഉണരുന്നത് തന്നെ, ചത്തു കളയാനുള്ള നല്ല പത്ത്  കാരണങ്ങളും കൊണ്ടാണ്. എത്രയോ വട്ടം വീണു പോയിട്ടും പിടിച്ചു നിവരാൻ ശ്രമിക്കുകയാണ്. അപ്പോഴാണ് അവൾ... അതും ഇങ്ങനൊരു കാര്യത്തിന്... ഞങ്ങളൊന്നും സ്കൂളിൽ പോയിട്ടില്ല സാബ്. അത് കൊണ്ടാണ് ചോദിക്കുന്നത്; ഈ കനപ്പെട്ട പുസ്തകങ്ങളൊക്കെ പഠിപ്പിക്കുന്നത്, ജീവിതത്തിൽ ഇങ്ങനെ എളുപ്പം തോറ്റു കൊടുക്കാനാണോ?"

എന്റെ മറുപടിക്ക് കാക്കാതെ അയാൾ തിരിഞ്ഞു നടന്നു. അല്ലെങ്കിലും, അയാൾക്ക് നൽകാൻ എന്റെ പക്കൽ മറുപടിയൊന്നുമുണ്ടായിരുന്നില്ല.

ഇടനാഴിയിൽ, അയാൾ സൃഷ്ടിച്ച ശൂന്യതയിലേക്ക്  നോക്കി നിൽക്കവെ, ആ പൊതി എന്റെ കൈയ്യിലിരുന്ന് ഒരു ഇസ്തിരിപ്പെട്ടി കണക്കെ ചുട്ടുപൊള്ളാൻ തുടങ്ങി.

ആകാശനീല

(1)


ആ വരകളിലൂടെ വിരലോടിച്ചപ്പോൾ  പെരുവിരൽ തൊട്ട് ഒരു തരിപ്പ് അയാളിലൂടെ അരിച്ചു കയറി.


"സീജേ..."


ഒച്ചയുടെ ഉച്ചിയിൽ കയറി നിന്ന് വിളിച്ചിട്ടും, അയാളുടെ മൂന്നാമത്തെ വിളിയാണ് അവളെ ചെന്ന് തൊട്ടത്; അതു തന്നെ, ഇടത് ചെവിയിലെ ഇളകിപ്പോയ ബഡ് നേരെയിടാനായി ഊരിയത് കൊണ്ടാണ് കേട്ടത്.


ഇയർബഡ്സ് ചെവിയിൽ തിരുകിയുള്ള  അടുക്കളപ്പണി അവൾ ലോക്ഡൗൺ കാലത്ത് ശീലിച്ചു തുടങ്ങിയതാണ്. അടുക്കളെയെന്നാൽ ഇപ്പോഴവൾക്ക് പാത്രങ്ങളുടെ കലപിലയും കറിയ്ക്കരിയുന്നതിന്റെ കടകടയും ചിരവയുടെ മുരളിച്ചയും വെള്ളം തിളയ്ക്കുന്നതിന്റെ ഗുളുഗുളുവും കുക്കറിന്റെ കൂക്കലും മാത്രമല്ല. ദാസേട്ടൻ തൊട്ടിങ്ങ് സിതാരയുടെ വരെ സ്വരമാധുരിയോ, പ്രവിജയുടെയോ ബന്ന മാഷിന്റേയോ കഥാവായനയോ അതുമല്ലെങ്കിൽ എഫ്.എമ്മിലെ ചില മോട്ടിവേഷനൽ പ്രഭാത നുറുങ്ങുകളോ അന്നേരമവളുടെ ചെവികളും മനസ്സും നിറയ്ക്കും. ഭർത്താവിന് ബെഡ് കോഫി കൊടുക്കുന്നത് തൊട്ട്  മൂന്നരവയസുകാരൻ മോനുണരുന്നത് വരെയുള്ള ഒന്നര മണിക്കൂറിനെ അവൾ തന്റെ "മീ ടൈം" ആയി കരുതിപ്പോന്നു. ആ ഏകാന്തസുന്ദരതയിലേക്കാണ്  ഭർത്താവിന്റെ അലർച്ച ഇപ്പോൾ കൊമ്പും കുലുക്കിയെത്തിയിരിക്കുന്നത്.


കുക്കർ വെച്ച സ്റ്റൗവിന്റെ നോബ് സിമ്മാക്കിയിട്ട് അവൾ ഓടിച്ചെല്ലുമ്പോൾ അയാളാകെ മുന്നോട്ട് വളഞ്ഞ് ഇരു കൈകളും കാറിന്റെ ബോണറ്റിലൂന്നി തല തൂക്കിയിട്ട് നിൽക്കുകയായിരുന്നു.


ആ നിൽപ് കണ്ട് അവളാകെ പരിഭ്രമിച്ചു.


പക്ഷെ, "എന്തേ പറ്റ്യേത് വിനോദേട്ടാ ...?" എന്ന അവളുടെ വെപ്രാള ചോദ്യത്തിന് തീപാറുന്ന ഒരു നോട്ടമായിരുന്നു  മറുപടി.


എപ്പോഴുമെന്ന പോലെ അവളുടെ തല താഴ്ന്നു.


ഉപ്പന്റേത് മാതിരിയെന്ന് അവൾക്ക് തോന്നാറുള്ള അയാളുടെ കണ്ണുകൾ ദേഷ്യം വന്നാൽ വീണ്ടും ചുവക്കും.  ഉപ്പനെ അവൾക്ക് കുട്ടിക്കാലം തൊട്ടേ പേടിയാണ്. അത് കൊണ്ടാണ്, അയാളൊന്ന് ദേഷ്യപ്പെട്ട് നോക്കിയാൽ പോലും അവൾ തല താഴ്ത്തിക്കളയുന്നത്.


"ഒരോന്ന് വരുത്തി വെച്ചിട്ട് മൂങ്ങേനെപ്പോലങ്ങ് നിന്നാ മത്യല്ലോ"


ആരെ കേൾപ്പിക്കാനാണ് അയാളിങ്ങനെ ഉറക്കെ സംസാരിക്കുന്നതെന്നാണ് അവളപ്പോൾ ചിന്തിച്ചത്.


ഇനിയെന്താണ് സംഭവിക്കുകയെന്ന് അവൾക്കറിയാം- കൈയ്യിലെ കാപ്പി ഗ്ലാസ് അയാൾ നിലത്തെറിയും, വായിൽത്തോന്നിയതൊക്കെയും വിളിച്ചു പറയും, ചിലപ്പോൾ, അവളെ പിടിച്ച് തള്ളും.


തലയുയർത്താൻ മിനക്കെടാതെ, കുക്കറിന്റെ മൂന്നാമത്തെ വിസിലിനായി കാതോർത്തു കൊണ്ട് അവൾ ചിന്തിച്ചു:


- അയാളുടെ കാപ്പിയിൽ മധുരമിടാൻ മറന്നോ? 

- ഇന്നലെ വെള്ളമൊഴിക്കാഞ്ഞത് കൊണ്ട് അയാളുടെ പൂച്ചെടികൾ വല്ലതും വാടിപ്പോയോ? 

- അതോ, തന്റെ അടിവസ്ത്രങ്ങൾ വല്ലതും മുറ്റത്തെ അയയിലുണ്ടാേ?


തീരെ ചെറിയ കാര്യങ്ങൾ മതി അയാളുടെ കണ്ണുകൾ ചുവക്കാൻ. പണ്ട് തൊട്ടേയങ്ങനെയാണ്. പിന്നെ ഭ്രാന്ത് പിടിച്ച പോലെയാണ്. ദേഷ്യമടങ്ങിയാൽ പിന്നെ വന്ന് കെട്ടിപ്പിടുത്തവും സോറി പറച്ചിലുമൊക്കെയാവും. അയാളുടെ ഈ സ്വഭാവം കാരണം, പണ്ടൊക്കെ അവളാദ്യം സങ്കടപ്പെടുകയും പിന്നീട് സന്താേഷിക്കുകയും ചെയ്തിരുന്നു. പിന്നെയതൊരു ശീലമായതോടെ രണ്ടും കാര്യമായിട്ടെടുക്കാതെയായി.


"കണ്ണ് തുറന്ന് നോക്കെടീ... നെന്റെ മറ്റാേടത്തെ പൂച്ചേന്റെ പണി" 


അയാളവളുടെ മുഖം ബലമായി പിടിച്ചുയർത്തി. അയാളുടെ വലിയ കൈപ്പത്തിക്കകത്ത് അവളുടെ കവിളുകൾ ഞെരിഞ്ഞമർന്നു. 


ബോണറ്റിന്റെ ആകാശ നീലിമയിൽ അങ്ങിങ്ങായി തെളിഞ്ഞു കിടന്ന നീളൻ വെള്ളി വരകളിലേക്ക് നോട്ടമെത്തിയപ്പോൾ അവൾ "അയ്യോ..." എന്ന് നിലവിളിച്ചു പോയി.


പുതുപുത്തൻ കാറാണ്; കിട്ടിയിട്ട് ആഴ്ച്ചയൊന്ന് തികഞ്ഞിട്ടില്ല. പൂജിക്കാൻ അമ്പലത്തിൽ പോയതല്ലാതെ അതിൽ കയറി ഇതേ വരെ ശരിക്കൊന്ന് യാത്ര ചെയ്തിട്ടു കൂടിയില്ല. 


"എവ്ട്ന്നോ വന്ന് കേറിയതിനെ പാലും പലഹാരവും കൊടുത്ത് പോറ്റീട്ട്  ഓൾടെയൊരു കയ്യാേ.. മാറി നിക്കെടീ"


ഒരു മുട്ടൻ തെറിയോടെ അവളെ പിടിച്ചു തള്ളിക്കാെണ്ട് അയാൾ വീടിനകത്തേക്ക് കയറിപ്പോയി.


പാലും ബിസ്കറ്റുമൊക്കെ കൊടുത്തിട്ടുണ്ടെന്നത് നേരാണ്; പക്ഷെ, അയാൾ പറഞ്ഞത് പോലെ അത് അവളുടെ പൂച്ചയൊന്നുമല്ല.


ആദ്യഘട്ട ലോക്ഡൗൺ കാലത്താണ് മെല്ലിച്ചവശനായ ആ പൂച്ചക്കുഞ്ഞ് വീട്ടിലേക്ക് കയറി വന്നത്. അതിനൽപം പാല് കൊടുക്കാൻ അയാൾ പറഞ്ഞത് കേട്ട് അവളന്ന് അതിശയിച്ചിരുന്നു. കാരണം, വീട്ടിലെ ഭക്ഷണ വേസ്റ്റ് പോലും പറമ്പിൽ വരുന്ന കാക്കയ്ക്കും പട്ടിക്കും പൂച്ചയ്ക്കുമൊന്നും കൊടുക്കാതെ പ്ലാസ്റ്റിക് ബാഗിൽ കെട്ടി മുൻസിപ്പാലിറ്റിക്കാർക്ക് നൽകണമെന്ന് നിർബന്ധമുള്ളയാളാണ്. പക്ഷെ, ചുറ്റുമുള്ളതിനോടൊക്കെയും വല്ലാത്ത സ്നേഹം തോന്നിയിരുന്ന ഒരു "കെട്ട" കാലമായിരുന്നല്ലോ അത്. 


മാേനാണ് ഏറ്റവും സന്താേഷിച്ചത്.  കളിക്കാൻ കൂട്ടിനാരുമില്ലാതെ മടുത്തിരുന്ന അവൻ ആ പൂച്ചക്കുഞ്ഞുമായി പെട്ടെന്ന് കൂട്ടായി. രാവിലെ തൊട്ട് അതിന്റെ കൂടെ മുറ്റത്ത് ഓടിച്ചാടിക്കളിക്കും, പന്ത് തട്ടിക്കൊടുക്കും, എത്ര വിലക്കിയാലും വീടിനകത്ത് കയറ്റും, തരം കിട്ടിയാൽ  കെട്ടിപ്പിടിക്കും, ഉമ്മവെക്കും.


പക്ഷെ, അടച്ചിടൽ തീർന്ന് ഓഫീസിൽ പോയി തുടങ്ങിയതോടെ അയാളുടെ സ്വഭാവം പഴയതു പോലായി. പൂച്ചയെ എവിടെ കണ്ടാലും എറിഞ്ഞോടിക്കാൻ തുടങ്ങി. എന്നിട്ടുമത് പോയില്ല. പച്ച വെള്ളം കൊടുത്ത് പോകരുതെന്നായിരുന്നു അയാളുടെ ഉത്തരവ്. പക്ഷെ, ഭക്ഷണത്തിന്റെയൊരു പങ്ക് മോൻ അതിന് കൊടുക്കുന്നുണ്ടെന്ന് അവൾക്കറിയാമായിരുന്നു.


ഒരു ദിവസം ഉമ്മറപ്പടിയിൽ പൂച്ചക്കാഷ്ഠം കണ്ടതിന്  ഇഷ്ടിക കൊണ്ടെറിഞ്ഞ് അയാളതിന്റെ കാലൊടിച്ചതാണ്. മോന്റെ കരച്ചിൽ കണ്ട് സഹിക്കാൻ വയ്യാതെ അവളാണ് വെള്ളം കൂട്ടിയുഴിഞ്ഞുഴിഞ്ഞ് നേരെയാക്കിയത്. എന്നാലും ഇപ്പോഴുമതിനൊരു ഞൊണ്ടലുണ്ട്. ഏതായാലും, അതിൽപ്പിന്നെ അയാളുടെ കൺവെട്ടത്ത് പൂച്ചക്കുഞ്ഞ് ചെല്ലാതിരിക്കാൻ അവളും മോനും ശ്രദ്ധിച്ചു.


എന്നാലും ഇത് വലിയ കഷ്ടമായിപ്പോയി. ആ വരകളിൽ തൊട്ടപ്പോൾ പൂച്ചക്കുഞ്ഞിനോട് അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി. 


അപ്പോൾ കുക്കർ അഞ്ചാമതും കൂക്കി; പുറകെ, മോന്റെ "അമ്മേ..." എന്ന നീട്ടിവിളിയും. ആ ശബ്ദങ്ങൾക്ക് പുറകെ അവൾ വീടിനകത്തേക്ക് ഓടിക്കയറിപ്പാേയി.


(2)


വാഹന വിദഗ്ദനായ സുഹൃത്തിന് പൂച്ചമാന്തലിന്റെ ഫോട്ടോ വാട്ട്സാപ്പ് ചെയ്തു കാെടുത്തതിന് മറുപടിയായി "വെറുതെ ടച്ച് ചെയ്താൽ പോരാ ബോണറ്റ് മുഴുവൻ റീപെയിന്റ് ചെയ്യുന്നതാണ് നല്ലത്" എന്ന ഉപദേശം   കിട്ടി.


അത്ര കോമൺ നിറമല്ലാത്തത് കൊണ്ട് പത്ത്-പതിനയ്യായിരമെങ്കിലും ചിലവു വരുമെന്നും പ്രവചിച്ചു. താൻ പറഞ്ഞത് പോലെ സിൽവർ കളർ എടുത്തിരുന്നെങ്കിൽ ഈ വരകൾ ഇത്രയ്ക്ക് എടുത്ത് കാണില്ലായിരുന്നു എന്നൊരു കുറ്റപ്പെടുത്തലും പുറകെ വന്നു.


കാർ ഷോറൂമിലെ റിലേഷൻഷിപ്പ് എക്സിക്യൂട്ടിവിനെ അയാൾ നാലഞ്ച് തവണയായി  വിളിക്കുന്നു; മറുപടിയില്ല. വണ്ടി വാങ്ങുന്നത് വരെ ദിവസവും മൂന്ന്-നാല് വട്ടം വിളിച്ചു കൊണ്ടിരുന്നവനാണ്. വീണ്ടും വിളിക്കാനൊരുങ്ങുമ്പോഴാണ് വാട്ട്സാപ്പ് മെസേജിന് മറുപടി വന്നത്. ക്ലയന്റിനൊപ്പമാണെന്നും   ഇക്കാര്യത്തിന് സർവീസ് വിഭാഗത്തെ ബന്ധപ്പെട്ടാൽ മതിയെന്നുമായിരുന്നു സന്ദേശം; കൂടെ സർവീസ് മാനേജരുടെ കോൺടാക്ട് നമ്പറുമുണ്ട്.


സുഹൃത്ത് പറഞ്ഞത് തന്നെ സർവീസ് മാനേജരും ആവർത്തിച്ചു. പെർഫക്ഷൻ വേണമെങ്കിൽ ബോണറ്റ് മുഴുവനായി റീപെയിന്റ് ചെയ്യണമത്രേ.  


പഴയ കാറിന് കാര്യമായ കുഴപ്പങ്ങളൊന്നുമില്ലാതിരുന്നെങ്കിലും തിരക്കിട്ട് വിറ്റതിനാൽ വിചാരിച്ച വില കിട്ടിയിരുന്നില്ല. ലോണും പ്രതീക്ഷിച്ചതിലും കുറവാണ് ലഭിച്ചത്. സമ്പാദ്യം തികയാതെ വന്നപ്പോൾ സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയതും കൂടി ചേർത്താണ് ബാക്കി തുക ഒപ്പിച്ചത്. അതിന്റെയൊക്കെ ക്ഷീണം മാറുന്നതിന് മുമ്പാണ് ഇങ്ങനെയൊരു അനാവശ്യച്ചിലവ്. അയാളുടെ കണ്ണുകൾ വീണ്ടും ചുവന്നു.


(3)


അയാൾ പുറത്തേക്കിറങ്ങുമ്പോൾ, മുറ്റത്തിന്റെ ഒരു വശത്ത് മോൻ മുച്ചക്ര സൈക്കിളോടിക്കുന്നുണ്ട്. ഭാര്യ അത് നോക്കി ചവിട്ടുപടിയിലിരിക്കുന്നു. മോൻ "അച്ഛാ..." എന്ന് നീട്ടി വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ അയാൾ ധൃതിയിൽ കാറിൽ ചെന്ന് കയറി. 


റിവേഴ്സ് ഗിയറിട്ട് വണ്ടി നീക്കി തുടങ്ങുന്നതിന് മുമ്പ് സൈഡ് മിററിൽ അയാൾ കണ്ടു- കാറിന് തൊട്ട് പുറകിൽ മുറ്റത്ത് കിടന്നുരുണ്ടു കളിയ്ക്കുന്ന ആ പൂച്ചക്കുഞ്ഞ്. അയാൾക്ക് ദേഷ്യം ഇരച്ചു കയറി. പിൻചക്രത്തിന്റെ നേർരേഖയിൽ പൂച്ചയുടെ സ്ഥാനം നിജപ്പെടുത്തി. ഒറ്റ നിമിഷം; ബ്രേക്കിൽ നിന്നെടുത്ത കാൽ ഊക്കോടെ ആക്സിലേറ്ററിലമർന്നു. പുറകോട്ട് കുതിച്ച കാർ എന്തിലോ കയറിയിറങ്ങി. ഭാര്യയുടെ "മോനേ ..." എന്ന അലർച്ച ചെവി തുരന്നു.


(4)


അയാൾ ഞെട്ടിയുണർന്നു.


"ഉറങ്ങിപ്പോയോ ...?" - വക്കീലാണ്.


"കേസ് അടുത്ത മാസത്തേക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്; ഫൈനൽ ഹിയറിങ്ങിന്. ഞാൻ വിളിച്ചറിയിക്കാം."


അത്രയും പറഞ്ഞ് വക്കീൽ തിരക്കിട്ട് പോയി. 


കോടതി വരാന്തയിലെ ബെഞ്ചിൽ നിന്നും അയാൾ പതിയെ എഴുന്നേറ്റു. 


വീടിന്റെ ഗേറ്റ് കടന്ന് അയാൾ നേരെ ചെന്നത് പോർച്ചിലേക്കാണ്. മൂടിയിട്ട കാറിനരികിലൂടെ അയാൾ മുന്നോട്ട് നടന്നു.


ഒരു വശത്തായി ചുവരിനോട് ചാരി വെച്ചിരിക്കുന്ന  മുച്ചക്ര സൈക്കിളിന്റെ സീറ്റിൽ പറ്റിക്കിടന്നുറങ്ങുന്ന പൂച്ചക്കുഞ്ഞ്.


അയാൾ തൊട്ടരികിലെത്തിയിട്ടും അതനങ്ങിയില്ല. പതുക്കെ കൈ നീട്ടി അയാളതിനെയൊന്ന് തൊട്ടു.

സാക്ഷ്യം

"പടുരാക്ഷസ ചക്രവർത്തിയെന്നുടൽ മാേഹിച്ചത് ഞാൻ പിഴച്ചതോ?"-  'ചിന്താവിഷ്ടയായ സീത', കുമാരനാശാൻ

1

മലയാളത്തിലെയൊരു മുൻനിര മാധ്യമ സ്ഥാപനത്തിൻ്റെ ഓൺലൈൻ വിഭാഗം കൈകാര്യം ചെയ്യുന്ന എനിക്കിന്ന് വളരെ തിരക്കുപിടിച്ചാെരു ദിവസമാണ്. 'വർഷങ്ങളായി കാത്തിരിക്കുന്ന ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ രാജ്യമാെരുങ്ങി'  എന്നാണ് ഞങ്ങളുടെ പത്രത്തിൻ്റെ ഇന്നത്തെ മുഖപ്രസംഗം ആരംഭിക്കുന്നത് തന്നെ. ആ മഹാസംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ചൂടോടെ വായനക്കാരിലേക്കെത്തിക്കേണ്ടതുണ്ട്. ഒരു ദിവസം മുഴുവനെടുത്ത് വാർത്തകൾ സെറ്റ്  ചെയ്യുന്ന അച്ചടി വിഭാഗത്തിനെ പോലെയോ, ഒരേ വാർത്ത തന്നെ സ്ക്രാേൾ ചെയ്തുo വിഷ്വൽസ് ആവർത്തിച്ചും സമയമൊപ്പിക്കുന്ന ചാനലിനെ പോലെയോയല്ല ഓൺലൈനിലെ കാര്യം. ഒരോ അരമണിക്കൂറിലെങ്കിലും പുതിയ കണ്ടെൻ്റ് അപ്‌ലോഡാവണം. കണ്ടാൽത്തന്നെ ഒന്നു തുറന്നു നാേക്കാൻ പ്രേരിപ്പിക്കുന്ന തലക്കെട്ടും വേണം. എങ്കിലാെക്കെയേ ദിനേന തഴച്ചു പാെങ്ങുന്ന പുതുതലമുറ ഓൺലൈൻ മാധ്യമങ്ങളോട് പിടിച്ചു നിൽക്കാനാവൂ എന്നാണ് ചീഫ് പറയുന്നത്. 

ഓഫീസിലേക്കുള്ള അതിവേഗയാത്രക്കിടയിൽ ഫോൺ പോക്കറ്റിൽ കിടന്ന് മൂന്നാമതും വിറക്കാൻ തുടങ്ങിയപ്പോൾ ബെെക്ക് റാേഡരികിലേക്ക് ഒതുക്കിയത്. ട്രൂകോളറിൽ തെളിഞ്ഞ പേര് വായിച്ചപ്പോൾ തന്നെ നല്ല പരിചയം താേന്നിയതാണ്. 

വീണ്ടും വീണ്ടും വിളിച്ച് ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിച്ചതിന് ശേഷമാണ് അപ്പുറത്തെ സ്ത്രീശബ്ദം സ്വയം പരിചയപ്പെടുത്തിയത്.  സ്റ്റെഫി ചേച്ചിയാണ് അവർക്കെൻ്റെ നമ്പർ നൽകിയത്. ഇന്ന് വെെകിട്ട് നാല് മണിക്ക് പ്രസ് ക്ലബിൽ അവരൊരു പ്രസ് മീറ്റ് വെച്ചിട്ടുണ്ട്. അതിൽ ഉറപ്പായും പങ്കെടുക്കണമെന്നതാണാവശ്യം. ഞാനുറപ്പൊന്നും പറയാതെ ഫാേൺ വെച്ചു. 

സ്റ്റെഫി ചേച്ചി ഓൺലൈനിൽ നിന്നു ചാനലിലേക്ക് മാറിയതിന് ശേഷം അവർക്കു വരുന്ന ലീഡ്സൊക്കെ എനിക്കാണ് മറിക്കാറ്. വിളിച്ച കക്ഷിയുടെ പേരു കണ്ടപ്പോൾ പരിചയം തോന്നിയത് യാദ്യശ്ചികമല്ല.  രണ്ടു വർഷങ്ങൾക്ക് മുമ്പ് ചേച്ചിയുടെ കീഴിൽ ട്രെയിനിയായി ജോയിൻ ചെയ്തപ്പോൾ ആദ്യം റെഫർ ചെയ്യാൻ തന്ന ഫയലുകളിലൊന്നിന് അതേ പേരായിരുന്നു. നീതിക്കായി ആ സ്ത്രീ നടത്തിയ ഒറ്റയാൾപ്പോരാട്ടത്തെ പറ്റി വളരെ ഇൻ്ററസ്റ്റിങ്ങായിരുന്ന ഒരു സ്റ്റോറിയായിരുന്നു അത്.

സ്റ്റെഫി ചേച്ചിയുടെ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമാണ് ആ സ്ത്രീയുടെ പരാതിയിൽ അധികാരികൾ കാര്യമായി ഇടപെടുന്നതും അവർക്ക് നീതി ലഭിക്കുന്നതും. ഇങ്ങനെയൊരു വിഷയം പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടു വന്നതിന് ചേച്ചിക്ക് ദേശീയ-സംസ്ഥാന തലങ്ങളിലെ ഒന്നു രണ്ട് മാധ്യമ പുരസ്കാരങ്ങൾ തരപ്പെടുകയും ചെയ്തതാണ്. ഓൺലൈൻ വിഭാഗത്തിൻ്റെ മുഷിപ്പിൽ നിന്നും ചാനലിൻ്റെ ലൈംലൈറ്റിലേക്കുള്ള ചേച്ചിയുടെ  ചാട്ടത്തിനും ആ സ്റ്റോറിയൊരു കാരണമായെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. അതു കൊണ്ടാവണം മറ്റൊരു കേസിലും ഉണ്ടാവാതിരുന്ന പോലെ, "അവർക്ക് വേണ്ട സഹായമൊക്കെ ചെയ്തു കൊടുത്തേക്കണേ കുട്ടാ..." എന്നൊരു  സ്നേഹാഭ്യർത്ഥന ചേച്ചിയുടേതായി വാട്ട്സാപ്പിൽ വന്നു കിടക്കുന്നത്. കേസിൽ ആ സ്ത്രീക്കനുകൂലമായ നടപടിയുണ്ടായത് കഴിഞ്ഞ മാസമാണ്. അതിനെ തുടർന്ന് ഞങ്ങളുടെ ചാനലിന് അവർ നൽകിയ എക്സ്ക്ലൂസിവ് ഇൻ്റർവ്യൂവിൻ്റെ അൺ-എഡിറ്റഡ് വീഡിയോയും ചേച്ചി ഷെയർ ചെയ്തിട്ടുണ്ട്.

നീതി ലഭിച്ചതോടെ സ്വാഭാവികമായും അവരെന്ന വാർത്തയുടെ ചൂട് മാധ്യമങ്ങൾക്ക് നഷ്ടപ്പെട്ടതാണ്. 'ഇനിയുമെന്താണാവോ അവർക്കു പറയാനുള്ളത്; അതും ഈ ദിവസം തന്നെ' എന്ന സംശയമാണ് ആദ്യമുണ്ടായത്. ഇന്നത്തെ ദിവസം പ്രധാന മാധ്യമങ്ങളാെന്നും വരാൻ സാധ്യതയില്ലെന്നും അവർക്ക് പറയാനുള്ളതിന് വേണ്ടത്ര മീഡിയ അറ്റൻഷൻ കിട്ടില്ലെന്നുമൊക്കെ പറഞ്ഞു നോക്കിയെങ്കിലും  പറയാനുള്ളത് മറ്റൊരു ദിവസത്തേക്ക് നീട്ടി വെക്കാൻ നിവൃത്തിയില്ലെന്ന് അവർ തീർത്തു പറഞ്ഞു.

മറ്റേതൊരു ദിവസമായിരുന്നെങ്കിലും എത്തിക്കോളാമെന്ന് വാക്ക് നൽകിയേനെ. പക്ഷെ, ഇന്നത്തെ കാര്യമൊന്നും ഉറപ്പിക്കാനാവില്ല. പോസ്റ്റു ചെയ്യുന്ന കണ്ടെൻ്റുകളുടെ റീച്ചിൻ്റെ കാര്യത്തിൽ ഇന്ന് നമ്മൾ ഒന്നാമതായിരിക്കണമെന്ന നിർബന്ധം മാനേജ്മെൻ്റിനുണ്ടെന്നാണ് ചീഫ് പറഞ്ഞിരിക്കുന്നത്. മാധ്യമരംഗത്തെ കിടമത്സരത്തിനപ്പുറത്ത് രാജ്യം ഭരിക്കുന്നവരുടെ ഗുഡ്ബുക്കിൽ കയറിപ്പറ്റുകയെന്ന പുതിയ മാനേജ്മെൻ്റിൻ്റെ താൽപര്യം സുവ്യക്തമാണ്. അത് കാെണ്ട്, പതിവുള്ള വലി -ബ്രേക്കുകൾ  പോലുമാെഴിവാക്കി അപ്പം ചുട്ടെടുക്കുന്ന കണക്കെ കണ്ടെൻ്റ് പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു. പകുതിയിലധികവും പ്രധാന ദേശീയ ചാനലുകളുടെ പേജുകളിൽ നിന്നും ചൂണ്ടിയതാണ്. 

തിരക്കുകളൊന്നൊതുക്കിയ ശേഷം പ്രസ്ക്ലബിലേക്ക് പോകാനായി ഓഫീസ് ക്യാബിലേക്ക് ചാടിക്കയറുമ്പോൾ സമയം നാലര കഴിഞ്ഞിരുന്നു. പിൻസീറ്റിലേക്ക് ചാരിക്കിടന്ന്  ചേച്ചി അയച്ച ആ ഇൻ്റർവ്യൂ വീഡിയോ ഞാൻ ഓപ്പൺ ചെയ്തു.

2

അതൊരു സാധാരണ പകലായിരുന്നു. അടുക്കളപ്പണി ഒതുക്കിയ ശേഷം എന്നുമെന്ന പോലെ സോഫയിൽ  റീൽസ് കണ്ട് മലർന്ന് കിടക്കുമ്പോഴാണ് വാതിൽ തള്ളിത്തുറന്ന് ഭർത്താവ് കുതിച്ചെത്തിയത്.

"എന്താ ഈ സമയത്ത്?" എന്ന അവളുടെ ചാേദ്യത്തിന് മുഖമടച്ചൊരടിയായിരുന്നു മറുപടി. സാേഫയിലേക്ക് മറിഞ്ഞു പോയ അവൾക്കരിക്കിലേക്ക് അയാളുടെ മാെബൈൽ വന്നു വീണു. ഒരു സ്ത്രീ സ്വന്തം തുണിയുരിയുന്നതിൻ്റെ വീഡിയോ ദൃശ്യമാണ് സ്ക്രീനിൽ. ഒന്നും മനസിലാതെ അവളയാളെ നോക്കി. "മുഴുവൻ കാണെടീ" എന്നാക്രോശിച്ചു കാെണ്ട് അയാളവളുടെ മുഖം ബലം പ്രയോഗിച്ചു മാെബൈലിനു നേരെ പിടിച്ചു. ആറരയിഞ്ചു സ്ക്രീനിൽ നിറയുന്ന വെളുത്തുരുണ്ട വലിയ സ്തനങ്ങൾ. ക്യാമറ മുകളിലേക്ക് പോയപ്പോൾ അവൾ ശരിക്കും ഞെട്ടി. സ്ക്രീനിലെ പെണ്ണിന് തൻ്റെ അതേ മുഖഛായ. അല്ല; ഒറ്റനാേട്ടത്തിൽ താൻ തന്നെ.

"പക്ഷെ..പക്ഷെ..ഇത് ഞാനല്ലല്ലാേ ഏട്ടാ"

"അത് നമ്മളറിഞ്ഞിട്ടെന്താ..നെൻ്റെ പേരിലാണ് ഇതിപ്പോ വാട്ടസാപ്പിലും ഫേസ്ബുക്കിലും ഓടുന്നത്. ഇത് നീയല്ലാന്നു എങ്ങനെ തെളിയിക്കാനാന്നാ?" 

അവളുടെ നിറഞ്ഞ കണ്ണുകളെ അവഗണിച്ചു കൊണ്ട് അയാൾ പരുഷമായി പറഞ്ഞു.

"ടിക്ടോക്ക്, റീലെന്നൊക്കെ പറഞ്ഞ് ഇതിൻ്റെ മുന്നിൽ കിടന്ന് തുള്ളീട്ട് ലക്ഷക്കണക്കിന് ഫാൻസിനെണ്ടാക്കീട്ടണ്ടല്ലോ... ഓരൊക്കെ തന്നാവുത് ഷെയർ ചെയ്താഘോഷിക്കുന്നെ. അന്നേ ഞാൻ പറഞ്ഞതല്ലേ നിർത്തിക്കോളാൻ. അപ്പോൾടെ മറ്റോടത്തെ വ്യക്തി സ്വാതന്ത്ര്യം, ഫെമിനിസം. എന്നിട്ടിപ്പെന്തായെടീ..? ഞാനൂൻ്റെ മക്കളുനി എങ്ങനെ പുറത്തിറങ്ങി നടക്കും..?"

കുറച്ചു നേരത്തേക്ക് അവൾക്കൊന്നും പറയാൻ സാധിച്ചില്ല.

ശരിയാണ്; കഴിഞ്ഞ കുറച്ചു കാലമായി അവൾ ഓൺലൈനിടങ്ങളിൽ ആക്ടീവാണ്. കുറി പിടിച്ച കാശിന് പുതിയ സ്‌മാർട്ട്ഫോൺ വാങ്ങിയപ്പോൾ  മക്കളാണ് അതിൽ ടിക്ടോക് ഇൻസ്റ്റാൾ ചെയ്തത്. അവരുടെ വീഡിയോകളിൽ ഒപ്പം കൂടിയാണ് തുടക്കം. പിന്നെ, സ്വന്തം പ്രാെഫൈലുണ്ടാക്കി വീഡിയോകൾ പോസ്റ്റു ചെയ്തു തുടങ്ങി. തീരെ ചെറുപ്പത്തിലെ പഠിച്ചു തുടങ്ങി ഇടക്കെപ്പഴോ പാടെ ഉപേക്ഷിച്ച പാട്ടും നൃത്തവും  പാെടിതട്ടിയെടുത്തപ്പോൾ അവൾക്കൊരുപാട് ഫോളോവേഴ്സായി. ടിക്ടാേക് നിരോധിച്ചപ്പോൾ പിന്നെ ഇൻസ്റ്റാഗ്രാമിലെ റീൽസായി. ഇതൊന്നും പക്ഷെ ഭർത്താവിന് ഒട്ടും ദഹിച്ചിരുന്നില്ല. നിർത്താൻ പലവട്ടം പല രീതിയിൽ അയാൾ ആവശ്യപ്പെട്ടിട്ടും അവൾ വഴങ്ങിയതുമില്ല. കാരണം, അപ്പോഴേക്കുമവൾ സ്വയം സ്നേഹിച്ചു തുടങ്ങിയിരുന്നു. 

"എനിക്ക് പോലീസിൽ പരാതിപ്പെടണം" 

അവളെഴുന്നേറ്റ് അഴിഞ്ഞുലഞ്ഞ മുടി വാരിച്ചുറ്റി.

"ആ.. ഇനി അദ്ൻ്റെ മാനക്കേടൂടെ വേണം... മിണ്ടാണ്ടെ പാെയ്ക്കാേട്ന്ന്" - അയാൾ ചീറി.

അതൊന്നും പക്ഷെ അവളെ തടഞ്ഞില്ല. ആദ്യം അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കും പിന്നെ, അവർ പറഞ്ഞ പ്രകാരം ടൗണിലെ സൈബർസെൽ ആസ്ഥാനത്തേക്കും അവളുടെ ആക്ടീവ പാഞ്ഞു.

"മാഡം, ഒറ്റ നോട്ടത്തിൽ താേന്ന്വെങ്കിലും ഒന്ന് സൂക്ഷിച്ച് നാേക്കിയാൽ തന്നെ ഇത് നിങ്ങളല്ലാന്ന് മനസിലാവുന്നുണ്ടല്ലോ. ഇതിലാണെങ്കിൽ മാേർഫിങ്ങുമില്ല. മറ്റാരുടേയോ വീഡിയോ നിങ്ങളുടേതെന്ന പേരിൽ ആരോ മനപൂർവ്വം അപ്‌ലോഡ് ചെയ്തതാണ്."

വീഡിയോയും പരാതിയും പരിശോധിച്ച ശേഷം പോലീസുദ്യാേഗസ്ഥൻ പറഞ്ഞു.

"അതറിയാം സർ. പക്ഷെ, ഇത് ഞാനല്ലെന്ന് തെളിയിക്കാനുള്ള ഒരു രേഖയാണെനിക്ക് വേണ്ടത്."

"തീർച്ചയായും. നിങ്ങളുടെ പരാതി പ്രകാരം ഞങ്ങളീ വീഡിയോ ഉടനെ ഫോറൻസിക് പരിശോധനക്കയക്കും."

അവളുടെ ശബ്ദത്തിലെ ദൃഢത തിരിച്ചറിഞ്ഞ പാേലീസുകാരൻ പെട്ടെന്ന് പറഞ്ഞു.

ഒരാഴ്ച്ചയ്ക്ക് ശേഷം സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് വ്യാജ വീഡിയാേ പ്രചരിപ്പിച്ചതിൻ്റെ പേരിൽ ഭർത്താവിൻ്റെ സഹപ്രവർത്തകനെതിരെ  കേസെടുത്ത വിവരവും അതുമായി ബന്ധപ്പെട്ട്   മാെഴിയെടുക്കാൻ വിളിപ്പിച്ച ഭർത്താവ് ആ വീഡിയാേയിൽ കാണുന്നത് അവൾ തന്നെയാണെന്ന് സംശയിക്കുന്നതായി മാെഴി നൽകിയതും അവളറിയുന്നത്. കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. എല്ലാമറിഞ്ഞിട്ടും അയാൾ എന്തിനാവും അങ്ങനെയൊരു കള്ളമാെഴി നൽകിയത്?

ആ ചാേദ്യത്തിനുള്ള മറുപടി രണ്ട് ദിവസത്തിന് ശേഷം ഡൈവോർസ് പെറ്റീഷൻ്റെ  രൂപത്തിൽ അവളെ തേടിയെത്തി. കുടുംബത്തെ പോലും മറന്നുള്ള സാേഷ്യൽ മീഡിയ അഡിക്ഷനും സ്വന്തം നഗ്നത പോലും ഓൺലൈനായി പങ്കുവെക്കുന്ന തരത്തിലുള്ള സ്വഭാവദൂഷ്യവുമാണ് വിവാഹമോചനം ആവശ്യപെടുന്നതിനുള്ള കാരണങ്ങളായി ചേർത്തിരിക്കുന്നത്.

പക്ഷെ, അവളാകെ തകർന്നു പോയത് മക്കളുടെ ചാേദ്യങ്ങൾക്ക് മുമ്പിലാണ്.

"അമ്മയുടെ റീൽസൊക്കെ കുറച്ചോവറാണെന്ന് ഞാനെപ്പഴും പറയാറില്ലേ?" - ഒമ്പതാം ക്ലാസുകാരി മകളാണ്.

"അല്ലെങ്കിലും ഞങ്ങൾ പറയുന്നതിന് നിങ്ങൾക്കെന്തെങ്കിലും വിലയുണ്ടോ. എൻ്റെ ഫ്രണ്ട്സിൻ്റെ മുമ്പിൽ വരുമ്പാേഴെങ്കിലും ഒരു ഷാൾ എടുത്തിടാൻ ഞാനെത്ര വട്ടം പറഞ്ഞിട്ടുള്ളതാ?" - ചാേദിക്കുന്നത് പ്ലസ്ടുക്കാരൻ മകനാണ്.

ശരിയാണ്; ഒരിക്കൽ അവനങ്ങനെ ആവശ്യപ്പെട്ടപ്പോൾ, "പിള്ളേരല്ലേടാ..അവരുടെ അമ്മമാർക്കുള്ളതല്ലേടാ എനിക്കുമുള്ളത്." എന്ന് ചിരിച്ചു തള്ളുകയാണുണ്ടായത്. പക്ഷെ, ഏത് കണ്ണുകൾ കാെണ്ടാവും അവൻ തൻ്റെ സുഹൃത്തുക്കളുടെ അമ്മമാരെ നാേക്കിയിട്ടുണ്ടാവുകയെന്ന്  ഇപ്പോൾ ചിന്തിച്ചപ്പോൾ അവളാകെ ഭയന്നു പോയി.

മക്കൾക്ക് സ്വന്തം അമ്മയെ തിരിച്ചറിയാതിരിക്കാനാവുമോ; അതോ, ഭർത്താവിനെ പോലെ അവരുമങ്ങനെ നടിക്കുകയാണാേ. ശരീരമാകെ തളരുന്നതായി അവൾക്കനുഭവപ്പെട്ടു. 

അന്നു തന്നെ ഭർത്താവ് മക്കളേയും കാെണ്ട് അയാളുടെ തറവാട്ടിലേക്ക് പോയി.

ഒറ്റയ്ക്കായെന്നുറപ്പായപ്പോൾ ദുഃഖവും ഭയവുമെല്ലാം വഴിമാറി. സത്യം തെളിയുന്നത് വരെ തളരാതെ പോരാടാൻ അവൾ മനസ്സുറപ്പിച്ചു.

പരാതി നൽകി രണ്ട് മാസത്തിനകം ഫോറൻസിക് പരിശോധനാ ഫലം വന്നു. എന്നാൽ, ആ വീഡിയോയിലുള്ളത് അവളല്ലെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. മറ്റൊരു ലാബിലേക്ക് കൂടി പരിശോധനക്കയക്കാനുള്ള അവളുടെ അപേക്ഷക്ക് ഉദ്യോഗസ്ഥർ വലിയ പരിഗണന നൽകിയില്ല. 'സർട്ടിഫിക്കറ്റ് ലഭിച്ചാലുമില്ലെങ്കിലും സത്യം നിങ്ങൾക്കറിയാമല്ലോ' എന്നൊരു തണുപ്പൻ നിലപാടായിരുന്നു അവർക്ക്.

ആകെ മനസ്സു തകർന്ന് അവിടെ നിന്നും തിരിച്ചു പോരാനൊരുങ്ങുമ്പോഴാണ് സാമൂഹിക പ്രവർത്തകയും സ്ത്രീപക്ഷവാദിയും എഴുത്തുകാരിയുമാെക്കെയായ ടീച്ചറെ കണ്ടുമുട്ടിയത്. ഒരു പ്രമുഖ സിനിമാനടൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതികരിച്ചതിന് താൻ നേരിടുന്ന സൈബറാക്രമണണത്തെ പറ്റി പരാതിപ്പെടാൻ വന്നതായിരുന്നു അവർ. വിവരങ്ങളെല്ലാമറിഞ്ഞപ്പോൾ അവർ തന്നെയാണ് സ്റ്റെഫിയെ
വിളിച്ച് ഇത് വാർത്തയാക്കാൻ ഏർപ്പാടാക്കിയത്. 

ആ വാർത്ത ചർച്ചയായതോടെ ഡിജിപി തന്നെ നേരിട്ടിടപെട്ടാണ്  സൈബർ-ഫോറൻസിക്കിൽ രാജ്യത്തെ അവസാനവാക്കായ സി-ഡാക്കിലേക്ക് വീഡിയാേ പുന:പരിശോധനക്കായി അയക്കുന്നത്. ആ വീഡിയോയിലുള്ളത് അവളല്ലെന്ന് സംശയലേശമന്യേ സാക്ഷ്യപെടുത്തുന്നതായിരുന്നു മൂന്നു മാസത്തിന് ശേഷം വന്ന സി-ഡാക്കിൻ്റെ പരിശോധനാഫലം.

"ഞാനൊരു തെറ്റും ചെയ്തില്ലെന്ന് പൂർണ്ണബാേധ്യമുള്ളതിനാലാണ് എൻ്റെ മുഖവും പേരു വിവരങ്ങളും മറയ്ക്കാതിരുന്നത്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്ന മറ്റാർക്കെങ്കിലും അതൊരു പ്രചോദനമാവട്ടെയെന്നും കരുതി. ഒറ്റക്കായെന്ന തിരിച്ചറിവായിരുന്നു പോരാടാനുള്ള  ഊർജ്ജം. എന്നാൽ, പിൻതിരിഞ്ഞു നാേക്കുമ്പോൾ എനിക്കെങ്ങനെ ഇവിടെ വരെയെത്താനായെന്ന് അതിശയിക്കാറുണ്ട്. ഞാൻ തെറ്റുകാരിയല്ലെന്ന് എൻ്റെ മക്കൾക്ക് മുന്നിലെങ്കിലും തെളിയിക്കണമെന്നുള്ള വാശിയായിരുന്നു. എൻ്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടതോടെ മക്കളും ഭർത്താവും തിരിച്ചു വരുമെന്നാണ് വിശ്വാസം" -ഇങ്ങനെയൊരു ശുഭാപ്തി വിശ്വാസം പങ്കുവെച്ചു കൊണ്ടാണ് ആ ചാനൽ ഇൻ്റർവ്യൂ അവസാനിക്കുന്നത്.

3

ഹാളിനകത്ത് ഞാൻ പ്രതീക്ഷിച്ചതിലധികം ആളുകളുണ്ടായിരുന്നു. മുഖ്യധാരാ മാധ്യമ പ്രതിനിധികളുടെ കുറവ് നികത്താൻ വേണ്ടതിലധികം ഓൺലൈൻ മാധ്യമക്കാരവിടെ എത്തിച്ചേർന്നിരുന്നു. വേദിയിൽ അവർക്കിരുവശത്തുമായി ടീച്ചറും മറ്റൊരു  സ്ത്രീസംഘടനാ പ്രതിനിധിയുമുണ്ട്. 

"വരൂ.. വരൂ.. നിങ്ങളെ കാത്തിരിക്കുകയായിരുന്നു. മറ്റാരു വന്നില്ലെങ്കിലും നിങ്ങളുടെ ചാനലിൽ നിന്നാരെങ്കിലും എത്തുമെന്നെനിക്കുറപ്പായിരുന്നു. തുടക്കം താെട്ടേ എനിക്കൊപ്പം നിന്നവരല്ലേ. പറഞ്ഞാൽ തീരാത്തത്ര കടപ്പാടുണ്ട്"

എഴുന്നേറ്റ് നിന്ന് കൈകൂപ്പിയാണ് അവരെന്നെ സ്വാഗതം ചെയ്തത്. അൽപം കൂടി നേരത്തെ ഇറങ്ങാതിരുന്നതിൽ എനിക്കപ്പോൾ കുറ്റബോധം തോന്നി.

ടീച്ചർ മെെക്ക് കെെയിലെടുത്തു.

"എന്നാലിനി നമ്മൾക്ക് തുടങ്ങാം. ഇനിയാരെങ്കിലും വരുമെന്ന് തോന്നുന്നില്ല. ഇന്നത്തെ തിരക്കിനിടയിലും ഞങ്ങളുടെ പെട്ടെന്നുള്ള ക്ഷണം സ്വീകരിച്ചെത്തിയ നിങ്ങൾക്ക് ആദ്യമേ നന്ദി അറിയിക്കുന്നു."

തുടർന്ന് സംസാരിക്കാനായി  മെെക്ക് അവർക്കു കൈ മാറി.

"എല്ലാർക്കും നമസ്കാരം. സി-ഡാക്കിൻ്റെ സാക്ഷ്യപ്പെടുത്തലോടെ എൻ്റെ പ്രശ്നങ്ങളെല്ലാം തീർന്നതല്ലേ, പിന്നെന്തിനാണ് വീണ്ടുമൊരു പത്രസമ്മേളനമെന്നാവും നിങ്ങളിൽ പലരും ചിന്തിക്കുന്നത്."

വളരെ പതിഞ്ഞ സ്വരത്തിലാണ് അവർ സംസാരിച്ചു തുടങ്ങിയത്. ഇൻ്റർവ്യൂവിൽ കണ്ട പോരാട്ടവീര്യമെല്ലാം എവിടെയോ നഷ്ടമായതു പോലെ എനിക്കപ്പോൾ താേന്നി.

"ആ സാക്ഷ്യപ്പെടുത്തലോടെ എനിക്കു നീതി ലഭിച്ചുവെന്ന് തന്നെയാണ് നിങ്ങളെപ്പോലെ  ഞാനും വിശ്വസിച്ചത്.  പക്ഷെ, ബന്ധുക്കളുടേയും നാട്ടുകാരുടെയും മുന്നിൽ ഞാൻ തെറ്റുകാരിയല്ലെന്ന് തെളിയിക്കാൻ ആ രേഖ മാത്രം പോരെന്നാണ് എൻ്റെ ഭർത്താവ് ഇപ്പോൾ പറയുന്നത്. അതിനാൽ വിവാഹമോചന പെറ്റീഷൻ പിൻവലിക്കാനും എൻ്റെ മക്കളെ വിട്ടു തരാനും അദ്ദേഹം തയ്യാറാവുന്നില്ല."

പെട്ടെന്നു നിർത്തി, നിറഞ്ഞ കണ്ണുകൾ സാരിത്തുമ്പിനാലാെപ്പിക്കൊണ്ട് അവർ തുടർന്നു.

"നിങ്ങൾ തന്നെ പറയൂ, ഞാൻ ചെയ്ത തെറ്റെന്താണ്? ഏതോ ഒരാൾ എൻ്റേതെന്ന പേരിൽ ഒരു വ്യാജ വീഡിയോ പങ്കുവെച്ചതിന് ഞാനെങ്ങനെയാണ് കുറ്റക്കാരിയാവുന്നത്? എന്നിട്ടുമാെരു സ്ത്രീക്ക് അനുഭവിക്കാവുന്നതിൻ്റെ പരമാവധി ഞാനനുഭവിച്ചു. ഇനിയുമെനിക്ക് വയ്യ."

തികട്ടി വരുന്ന കരച്ചിലിൽ വാക്കുകൾ മുറിഞ്ഞു പോകുന്നു.  ടീച്ചർ അവളുടെ കൈയ്യിൽ നിന്നും മൈക്ക് വാങ്ങി.

"നിങ്ങളിവളുടെ ചാേദ്യം കേട്ടില്ലേ...? ആശാൻ്റെ സീത തൻ്റെ രാമനോട് ചോദിച്ചതും ഇതേ ചോദ്യമാണ്. രാവണന് അവളുടെ ശരീരത്തോട് മാേഹം താേന്നിയതെങ്ങനെയാണ് സീതയുടെ തെറ്റാവുന്നത്. അങ്ങനെ, യാതാെരു തെറ്റും ചെയ്യാതിരുന്നിട്ടും സീതയ്ക്ക്  അഗ്നിപരീക്ഷ നടത്തി സ്വന്തം ശുദ്ധി തെളിയിക്കേണ്ടി വന്നു. എന്നിട്ടുമവളെ രാമൻ സ്വീകരിച്ചില്ല. വർഷങ്ങൾക്കു ശേഷം, കാട്ടിൽ വസിക്കുന്ന സീതയെ വീണ്ടുമാെരിക്കൽ കൂടി കണ്ടുമുട്ടിയപ്പോൾ  രാജ്ഞിയായി സ്വീകരിക്കാൻ രാമൻ തയ്യാറാകുന്നു. പക്ഷെ, അതിനവൾ വീണ്ടുമാെരിക്കൽ കൂടി അഗ്നിശുദ്ധി നേടണമെന്ന ആവശ്യം തള്ളിക്കളഞ്ഞു കാെണ്ട്  സീത അമ്മയായ ഭൂമിദേവിക്കൊപ്പം പോയെന്നാണ് കഥ. ഇവിടെ,
സമാനമായ അവസ്ഥയിലൂടെയാണ് ഈ സ്ത്രീയും കടന്നു പോകുന്നത്. എല്ലാ സത്യവുമറിഞ്ഞിട്ടും കൂടെ നിൽക്കാത്ത ഭർത്താവിനും തന്നെ അവിശ്വസിച്ച മക്കൾക്കും ബോധ്യപ്പെടാൻ വേണ്ടി മാത്രമാണ് അവൾ ഒറ്റയ്ക്ക്  പോരാടിയത്. പക്ഷെ, ഫോറൻസിക് പരിശോധനയെന്ന അഗ്നിപരീക്ഷ മാത്രം പോരത്രേ, സമൂഹത്തെ ബാേധ്യപ്പെടുത്താൻ പാകത്തിലുള്ള പുതിയൊരു സാക്ഷ്യം വേണമെന്നാണ് ഈ അഭിനവ രാമനും ആവശ്യപ്പെടുന്നത്."

അടുത്ത ഊഴം വേദിയിലെ മൂന്നാമത്തെ സ്ത്രീയുടേതായിരുന്നു.

"കാര്യങ്ങളാെട്ടുമനുകൂലമല്ലെങ്കിലും ഈ പ്രസ്സ്മീറ്റ് ഇന്ന് തന്നെ നടക്കണമെന്ന നിർബന്ധം ഞങ്ങൾക്കുണ്ടായിരുന്നു. അങ്ങ് വടക്ക്  പുതിയൊരു രാമരാജ്യത്തിനായുള്ള പ്രാണപ്രതിഷ്ഠ നടക്കുന്ന ഇന്ന് തന്നെ വേണമല്ലോ ഈ സീതയുടെ രണ്ടാം അഗ്നിപരീക്ഷ നടക്കേണ്ടത്. ഈ രാജ്യം സീതയുടേത് കൂടിയാണെന്ന ഒരാേർമ്മപ്പെടുത്തലിന് അത്രെയെങ്കിലും വേണ്ടേ ?"

മെെക്ക് വീണ്ടും അവളിലേക്ക് തന്നെയെത്തി.

"സമൂഹത്തിൻ്റെ കണ്ണുകളാണല്ലോ നിങ്ങൾ മാധ്യമങ്ങൾ. നിങ്ങളെനിക്ക് വേണ്ടി സാക്ഷ്യം പറയുക. കഴിഞ്ഞ കുറേയേറെ വർഷങ്ങളായി ഞാനൊരു സ്തനാർബുദബാധിതയാണെന്ന കാര്യം ഞാനും ഭർത്താവും മക്കളിൽ നിന്നു പോലും മറച്ചു വെച്ചതാണ്. ചികിത്സ സാധ്യമല്ലാത്ത ഘട്ടത്തിലാണത് തിരിച്ചറിഞ്ഞത്. ആ വീഡിയോയിൽ കാണുന്ന സുന്ദരമായ മാറിടം എൻ്റേതായിരുന്നെങ്കില്ലെന്ന് സത്യമായും ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, എൻ്റേത് ഇങ്ങനെയാണ്; ഇതും 
വെെകാതെ മുറിച്ചു മാറ്റപ്പെടും."

ഇത്രയും പറഞ്ഞു കൊണ്ട് അവൾ സ്വന്തം സാരി നെഞ്ചിൽ നിന്നും പറിച്ചു മാറ്റി. ഹുക്ക് വലിച്ചു പൊട്ടിച്ച ബ്ലൗസിനടിയിലെ നഗ്‌നത ഞങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടു. 

അർബുദത്തിൻ്റെ കാളിമ പടർന്ന് വികൃതമായ ആ വലിയ സ്തനങ്ങളാണ് അവളെ കുറ്റവിമുക്തയാക്കാനുള്ള അന്തിമ സാക്ഷ്യമെന്ന തിരിച്ചറിവിൽ, ചവിട്ടി നിൽക്കുന്ന ഭൂമി വാ പിളർന്ന് ഞങ്ങളെയൊന്നാകെ വിഴുങ്ങി.